കേരളത്തിന്റെ ടൂറിസം മേഖല ഉണര്‍വിലേക്ക്; വയനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

കൊവിഡ് സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷം കേരളത്തിലെ ടൂറിസം മേഖല ഉണരുന്നു. വയനാട് ജില്ലയില്‍ മാത്രം കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 44,052 പേര്‍ എത്തിയതായാണ് കണക്ക്. 26 ലക്ഷത്തോളം വരുമാനമുണ്ടായിട്ടുണ്ട്. സംസ്ഥാനത്തിന്റെ കോവിഡ് അതിജീവനം ടൂറിസത്തിലൂടെയായിരിക്കും എന്നതിന്റെ മികച്ച ഉദാഹരണമാണിതെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. സുരക്ഷിത കേരളം സുരക്ഷിത ടൂറിസം എന്ന ലക്ഷ്യത്തോടെ വാക്‌സിനേഷന്‍ നല്‍കിയും സഞ്ചാരികളെ ബയോബബിള്‍സ് എന്ന നിലയില്‍ പരിഗണിച്ചുമാണ് ടൂറിസം കേന്ദ്രങ്ങള്‍ തുറന്നത്. വയനാട് ജില്ലയിലെ വൈത്തിരിയാണ് കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ വാക്‌സിനേഷന്‍ നടപ്പിലാക്കിയ ടൂറിസ്റ്റ് ഡസ്റ്റിനേഷന്‍. ഘട്ടം ഘട്ടമായി ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ കേരളത്തിലെ എല്ലാ ടൂറിസ്റ്റ് ഡസ്റ്റിനേഷനുകളിലും വാക്‌സിനേഷന്‍ പ്രവര്‍ത്തനം നടത്തുകയാണ്. വയനാട് ഇപ്പോള്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ജില്ല കൂടി ആയതിനാല്‍ സഞ്ചാരികള്‍ ഏറെ ആകര്‍ഷിക്കപ്പെടുന്നുണ്ട്. വയനാട് ജില്ലയിലെ ഡിടിപിസിക്ക് കീഴിലുള്ള 7 കേന്ദ്രങ്ങളും വനംവകുപ്പിന് കീഴിലുള്ള 4 കേന്ദ്രങ്ങളും ജലവിഭവ വകുപ്പ്, കെഎസ്ഇബി എന്നിവയുടെ കീഴിലുള്ള ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് നിലവില്‍ സഞ്ചാരികള്‍ക്ക് പ്രവേശനമുള്ളത്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്.
Tags