തദ്ദേശീയ പട്രോളിംഗ് കപ്പലായ വിഗ്രഹ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കമ്മീഷൻ ചെയ്തു.
August 27, 2021
ന്യൂഡൽഹി: തദ്ദേശീയ പട്രോളിംഗ് കപ്പലായ വിഗ്രഹ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കമ്മീഷൻ ചെയ്തു. ഓഫ്‌ഷോർ പട്രോൾ വെസലുകളുടെ (ഒപിവി) പരമ്പരയിലെ ഏഴാമത്തെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) കപ്പലാണ് വിഗ്രഹ. ചെന്നൈയിൽ വെച്ചായിരുന്നു ചടങ്ങ്.
‘ലോകമെമ്പാടും സംഭവിക്കുന്ന മാറ്റങ്ങൾ പലപ്പോഴും നമ്മളെ ആശങ്കപ്പെടുത്തുന്ന കാര്യമായി മാറുന്നു. എന്നാലും ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങൾ നമുക്ക് പ്രയോജനമായി തീരുന്നു. ആഗോള സുരക്ഷാ കാരണങ്ങൾ, അതിർത്തി തർക്കങ്ങൾ, സമുദ്ര ആധിപത്യം എന്നിവ കാരണം, ലോകമെമ്പാടുമുള്ള രാജ്യങ്ങൾ അവരുടെ സൈനിക ശക്തി നവീകരിക്കാനും ശക്തിപ്പെടുത്താനും തുടങ്ങിയിരിക്കുന്നു. അനിശ്ചിതത്വങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും കാലത്ത് ഒരു രാഷ്‌ട്രമെന്ന നിലയിൽ നമ്മുടെ സൈനികരെ എന്നും ബഹുമാനിക്കണം.’ എന്ന് കപ്പൽ കമ്മീഷൻ ചെയ്യുന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി പറഞ്ഞു.
അടുത്ത 12 വർഷത്തിനുള്ളിൽ ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ സുരക്ഷാ ചെലവുകൾ 2.1 ട്രില്യൺ യുഎസ് ഡോളറിലെത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മിക്ക രാജ്യങ്ങളിലും ഒരു വർഷത്തോളമായി ഇതു സംബന്ധിച്ചുള്ള ബജറ്റ് പോലുമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ആസ്ഥാനമാക്കിയാണ് കപ്പൽ പ്രവർത്തിക്കുക. കിഴക്കൻ കടൽത്തീരത്ത് കോസ്റ്റ് ഗാർഡ് റീജിയൺ(കിഴക്ക്) കമാൻഡറുടെ നിയന്ത്രണത്തിലാണ് പ്രവർത്തനം.
ലാർസൻ & ടൂബ്രോ ഷിപ്പ് ബിൽഡിംഗ് ലിമിറ്റഡ് ആണ് കപ്പൽ തദ്ദേശീയമായി രൂപകൽപ്പന ചെയ്തിരിക്കുന്നത്. 11 ഓഫീസർമാരും 110 നാവികരും അടങ്ങുന്ന 98 മീറ്റർ ഒപിവിയാണ് വിഗ്രഹ. ഉഷ്ണമേഖലാ സമുദ്ര സാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ കഴിയുന്ന നൂതന സാങ്കേതിക റഡാറുകൾ, നാവിഗേഷൻ, ആശയവിനിമയ ഉപകരണങ്ങൾ, സെൻസറുകൾ എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. കപ്പലിൽ 40/60 ബോഫോഴ്‌സ് തോക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. റിമോട്ട് കൺട്രോളിലുള്ള രണ്ട് 12.7 മില്ലിമീറ്റർ സ്‌റ്റെബിലൈസ്ഡ് ഗൺ ഫയർ കൺട്രോൾ സിസ്റ്റം കപ്പിലിൽ ഘടിപ്പിച്ചിരിക്കുന്നു.
ബോർഡിംഗ് പ്രവർത്തനം, തിരച്ചിൽ, രക്ഷാപ്രവർത്തനം, നിയമപാലനം, സമുദ്ര പട്രോളിംഗ് എന്നിവയ്‌ക്കായി ഒരു ട്വിൻ എഞ്ചിൻ ഹെലികോപ്റ്റർ, നാല് അതിവേഗ ബോട്ടുകൾ, കടലിലെ എണ്ണ ചോർച്ച തടയുന്നതിനായി മലിനീകരണ പ്രതികരണ ഉപകരണങ്ങൾ എന്നിവ വഹിക്കാൻ കപ്പലിന് സാധിക്കും.
വിഗ്രഹ കമ്മീഷൻ ചെയ്യുന്ന ചടങ്ങിൽ ചീഫ് ഓഫ് ആർമി സ്റ്റാഫ് ജനറൽ എം എം നരവാനെ, ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ കെ നടരാജൻ, കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ മറ്റ് ഉന്നതരും പങ്കെടുത്തു.
Tags