മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ച് കമന്റിട്ടു: സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്‌പെൻഷൻ

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വിമർശിച്ച് കമന്റിട്ട സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം സസ്‌പെൻഡ് ചെയ്തു. ഡിവൈഎഫ്‌ഐ കറ്റാനം മേഖല സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ എസ് സുജിത്തിനെയാണ് ആറ് മാസത്തേയ്‌ക്ക് സസ്‌പെൻഡ് ചെയ്തത്.

കഴിഞ്ഞ ദിവസം ചേർന്ന സിപിഎം കറ്റാനം ലോക്കൽ കമ്മിറ്റിയാണ് സുജിത്തിനെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചത്. ചതയ ദിനാശംസകൾ നേർന്നുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പോസ്റ്റിലാണ് സുജിത്ത് കമന്റ് ചെയ്തത്. ‘അവിട്ടം ദിനം മറന്നവർ ചതയ ദിനം കൃത്യമായി ഓർക്കുന്നു’ എന്നായിരുന്നു സുജിത്തിന്റെ കമന്റ്.

കമന്റ് വിവാദമായതോടെ സുജിത്ത് അത് പിൻവലിച്ചെങ്കിലും സ്‌ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം അടിയന്തിര ലോക്കൽ കമ്മിറ്റി കൂടി സുജിത്തിനോട് വിശദീകരണം ആവശ്യപ്പെട്ടു. എന്നാൽ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ സുജിത്തിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.
Tags