ആര്‍എസ്പി ആവശ്യങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് യുഡിഎഫ് തീരുമാനം

ആര്‍എസ്പി ആവശ്യങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് യുഡിഎഫ് തീരുമാനം. സെപ്തംബര്‍ ആറാം തിയതി ആര്‍എസ്പിയുമായി ചര്‍ച്ച നടത്തുമെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു. കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് തുടക്കമിട്ട ഘട്ടത്തിലാണ് യുഡിഎഫിലും പ്രതിസന്ധി ഉടലെടുത്തത്.ഉഭയകക്ഷി ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന് കത്തുനല്‍കിയെങ്കിലും മറുപടി ലഭിക്കാത്തതിനാലാണ് നേതൃയോഗത്തില്‍ പങ്കെടുക്കേണ്ട എന്ന് ആര്‍എസ്പി തീരുമാനിച്ചത്.

തെരഞ്ഞെടുപ്പ് വേളയിലും പിന്നീടും ആര്‍എസ്പി ഉയര്‍ത്തിയ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് അതൃപ്തി ഉയര്‍ന്നത്. വിഷയത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍എസ്പി സംസ്ഥാന സമിതി യോഗത്തിലും വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് തങ്ങളുയര്‍ത്തിയ ആവശ്യങ്ങള്‍ പരിഗണിക്കാതെ യുഡിഎഫ് യോഗത്തിന് ഇനിയില്ലെന്ന നിലപാടിലേക്ക് ആര്‍എസ്പി എത്തുകയായിരുന്നു. ഇടഞ്ഞുനില്‍ക്കുന്ന ആര്‍എസ്പിയെ ഒപ്പം നിര്‍ത്താനുള്ള ശ്രമമാണ് അനുനയത്തിന് പിന്നില്‍.

മുതിര്‍ന്ന നേതാക്കള്‍ തമ്മിലടിക്കാതിരുന്നാലേ കോണ്‍ഗ്രസ് രക്ഷപ്പെടൂവെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസ് വിമര്‍ശിച്ചിരുന്നു. നേതാക്കള്‍ തമ്മിലടിക്കാതെ ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നാണ് ആര്‍എസ്പി ആവശ്യപ്പെടുന്നത്. മുന്നണി മാറ്റം വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടയിലാണ് പുതിയ പ്രതിസന്ധി ഉയരുന്നത്



കോണ്‍ഗ്രസിലെ അച്ചടക്കമില്ലായ്മയ്ക്കെതിരെ ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രണ്ട് തെരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായി ആര്‍എസ്പി പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ തവണ ആര്‍എസ്പിക്ക് ലഭിച്ച അഞ്ച് സീറ്റുകളും പാര്‍ട്ടിക്ക് സ്വാധീനമില്ലാത്തവയായിരുന്നു. ഇവയിലൊന്നും കോണ്‍ഗ്രസിന്റെ പിന്തുണയും ലഭിച്ചില്ലെന്ന് എഎ അസീസ് പറയുന്നു. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍വച്ചത്.
Tags