പാരാലിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ വേട്ട തുടരുന്നു. ഹൈജമ്പിലാണ് ഇന്ത്യ ഏറ്റവും അവസാനമായി മെഡൽ നേടിയത്. ഹൈജമ്പ് ടി63 വിഭാഗത്തിൽ മാരിയപ്പന് റിയോ ആവർത്തിക്കാനായില്ലെങ്കിലും വെള്ളിമെഡൽ നേടാൻ കഴിഞ്ഞു. 2016 റിയോ ഒളിമ്പിക്സിൽ സ്വർണം നേടിയ താരമാണ് മാരിയപ്പൻ തങ്കവേലു. 1.86 മീറ്റർ ദൂരം ചാടിയാണ് മാരിയപ്പൻ്റെ വെള്ളി. മാരിയപ്പനൊപ്പം മത്സരിച്ച ഇന്ത്യൻ താരം ശരത് കുമാറിനാണ് വെങ്കലം. ശരത് കുമാർ 1.83 മീറ്റർ ദൂരം താണ്ടി. മറ്റൊരു ഇന്ത്യൻ താരം വരുൺ ഭട്ടി ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കനത്ത മഴയിലാണ് ഹൈജമ്പ് മത്സരങ്ങൾ നടന്നത്. (paralympics high jump india)
അവസാന ഘട്ടത്തിൽ ഇന്ത്യൻ താരങ്ങൾ തമ്മിലായിരുന്നു സ്വർണപ്പോര് നടന്നത്. 1.83 മീറ്റർ ദൂരം അനായാസം മറികടന്ന ഇരുവർക്കും ആദ്യ രണ്ട് അവസരങ്ങളിൽ 1.86 മീറ്റർ ദൂരം മറികടക്കാനായില്ല. മൂന്നാം അവസരത്തിൽ മാരിയപ്പൻ ഈ ദൂരം മറികടന്നപ്പോൾ ശരത് കുമാർ മൂന്നാമതും പരാജയപ്പെട്ടു. അമേരിക്കയുടെ സാം ഗ്രീവ് മൂന്നാം ശ്രമത്തിൽ 1.86 മീറ്റർ മറികടന്നു. ഇതോടെ സ്വർണപ്പോര് മാരിയപ്പനും സാമും തമ്മിലായി.
ആദ്യ രണ്ട് ശ്രമത്തിലും 1.88 മീറ്റർ ദൂരം മറികടക്കാൻ ഇരുവർക്കും സാധിച്ചില്ല. മൂന്നാം ശ്രമത്തിലും മാരിയപ്പൻ പരാജയപ്പെട്ടു. എന്നാൽ, മൂന്നാം ശ്രമത്തിൽ 1.88 മീറ്റർ ദൂരം മറികടന്ന സാം ഗ്രീവ് സ്വർണനേട്ടവുമായി മടങ്ങുകയായിരുന്നു. വെള്ളിയും വെങ്കലവും ഇന്ത്യൻ താരങ്ങൾ നേടി. ഇതോടെ ഇന്ത്യയുടെ ടോക്യോ പാരാലിമ്പിക്സ് മെഡൽ നില 10 ആയി. 2 സ്വർണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം.
നേരത്തെ, പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച്1 വിഭാഗത്തിൽ സിംഘ്‌രാജ് അധാന വെങ്കലം നേടിയിരുന്നു. 216.8 ആണ് സ്കോർ. ഒപ്പം മത്സരിച്ച ഇന്ത്യയുടെ തന്നെ മനീഷ് നർവാൾ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ചൈനീസ് താരങ്ങൾക്കാണ് വെള്ളിയും വെങ്കലവും. യോഗ്യതാ റൗണ്ടിൽ സിംഘ്‌രാജ് ആറാമതും മനീഷ് ഒന്നാമതുമായിരുന്നു.
അതേസമയം, പാരാലിമ്പിക്സിൽ ഇന്നലെ ഇന്ത്യ 5 മെഡലുകൾ നേടിയിരുന്നു. 2 സ്വർണം ഉൾപ്പെടെ 5 മെഡലുകളാണ് ഇന്ത്യ ഇന്നലെ വിവിധ ഇനങ്ങളിൽ നിന്നായി സ്വന്തമാക്കിയത്. ഷൂട്ടിംഗ്, ജാവലിൻ ത്രോ, ഡിസ്കസ് ത്രോ എന്നീ മത്സരങ്ങളിലാണ് ഇന്ത്യയുടെ മെഡൽ നേട്ടം.