കണ്ണൂര്‍ യോഗത്തിലെ പരിധിവിട്ട പെരുമാറ്റം; പി ജയരാജനും കെപി സഹദേവനും വിമര്‍ശനം
August 17, 2021
പി ജയരാജനും കെ പി സഹദേവനും കണ്ണൂരിലെ പാര്‍ട്ടി യോഗത്തില്‍ പരിധിവിട്ട് പെരുമാറിയതില്‍ സിപിഐഎം സംസ്ഥാന സമിതിയുടെ ഇടപെടല്‍. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പരസ്പരം ഏറ്റുമുട്ടിയതിനാണ് പാര്‍ട്ടിയുടെ താക്കീതിന്റെ സ്വരത്തിലുള്ള നിര്‍ദ്ദേശം.
ജൂലൈ 17ന് ചേര്‍ന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് വിവാദത്തിനാധാരമായ സംഭവം.സൈബര്‍ സഖാക്കളെ കയറൂരി വിടുന്നത് പി ജയരാജനാണെന്ന തരത്തില്‍ കെ പി സഹദേവന്‍ നടത്തിയ പരാമര്‍ശമാണ് തുടക്കം. ഇരുനേതാക്കളും പരസ്പരം വാക്കേറ്റം തുടര്‍ന്നതോടെ യോഗം നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യവുമുണ്ടായി.
വിഷയം സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഐഎം സംസ്ഥാന സമിതിയുടെ ഇടപെടല്‍.
Tags