രാജ്യം ലജ്ജയോടെ തലകുനിക്കുന്നു; ഹരിയാനയിലെ പൊലീസ് അതിക്രമത്തെ അപലപിച്ച് രാഹുല്‍ ഗാന്ധി

ഹരിയാനയിലെ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശിയ സഭവം രാജ്യത്തിനാകെ ലജ്ജാകരമെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ‘വീണ്ടും കര്‍ഷകരുടെ രക്തം ചൊരിഞ്ഞിരിക്കുന്നു. ഇന്ത്യ ലജ്ജയോടെ തല കുനിക്കുകയാണ്’. രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. പൊലീസ് കര്‍ഷകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടതിനെ ക്രൂരത എന്നാണ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്. വെള്ളവസ്ത്രത്തില്‍ ചോരയൊലിച്ചുനില്‍ക്കുന്ന ഒരു കര്‍ഷകന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു

എംപിയുടെ ട്വീറ്റ്. फिर ख़ून बहाया है किसान का, शर्म से सर झुकाया हिंदुस्तान का!#FarmersProtest #किसान_विरोधी_भाजपा pic.twitter.com/stVlnVFcgQ — Rahul Gandhi (@RahulGandhi) August 28, 2021

ഹരിയാനയിലെ കര്‍ണാല്‍ ടോള്‍ പ്ലാസയില്‍ നടന്ന കര്‍ഷക പ്രതിഷേധത്തിനിടയിലായിരുന്നു പൊലീസ് ലാത്തിവീശിയത്. പത്തിലേറെ പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ വിളിച്ചു ചേര്‍ത്ത ബി ജെ പി ജനപ്രതിനിധികളുടെ യോഗത്തിനെതിരെ ആയിരുന്നു കര്‍ഷകരുടെ പ്രതിഷേധം. കര്‍ഷകരുടെ മൂന്നാം ഘട്ട സമര പ്രഖ്യാപനത്തിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. കര്‍ഷക പ്രക്ഷോഭം നടക്കുന്ന കര്‍ണാലിലേക്കുള്ള എല്ലാ പ്രവേശനകവാടങ്ങളിലും സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധത്തെ നേരിടാന്‍ അടുത്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
Tags