‘ലോക്ക് ഡൗണ്‍ ഇളവ് രോഗവ്യാപനം കൂട്ടി; ജാഗ്രത വേണം’: മുഖ്യമന്ത്രി

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവ് കൊവിഡ് രോഗ വ്യാപന തോത് വര്‍ധിക്കാന്‍ കാരണമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരണ നിരക്ക് പിടിച്ചു നിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ രോഗികളുടെ എണ്ണത്തിന് ആനുപാതികമായി മരണനിരക്ക് വര്‍ധിച്ചിട്ടുണ്ട്. കൊവിഡ് മൂന്നാം തരംഗ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു. വാക്‌സിനേഷന്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. സാമൂഹിക പ്രതിരോധ ശേഷി സമീപകാലത്ത് തന്നെ ആര്‍ജിക്കാനാവും എന്നാണ് പ്രതീക്ഷ. ജനസംഖ്യ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് കേരളത്തിലാണ്. ഒരു ദിവസം അഞ്ച് ലക്ഷം പേര്‍ക്ക് വരെ വാക്‌സിന്‍ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയനിരക്കുമായി താരത്മ്യം ചെയ്താല്‍ കേരളത്തിലെ മരണനിരക്ക് വളരെ കുറവാണ്. ശക്തമായ പൊതുജനാരോഗ്യസംവിധാനമുള്ളതിനാല്‍ കേസ് കൂടിയാലും കേരളത്തിന് നേരിടാനാവും. കേരളത്തില്‍ വലിയൊരു വിഭാഗം ഇനിയും രോഗബാധിതരായിട്ടില്ല എന്നതും ആരോഗ്യവിദഗ്ധര്‍ ഇതിനോടകം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
Tags