ഇന്‍ഫോസിസ് എംഡിയും സിഇഒയുമായ സലില്‍ പരേഖിനെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വിളിപ്പിച്ചു വെബ്സൈറ്റിൽ തകരാർ; ഇൻഫോസിസ് സിഇഒ നാളെത്തന്നെ വിശദീകരണം നൽകണമെന്ന് ധനമന്ത്രി

ദില്ലി: ഇന്‍ഫോസിസ് എംഡിയും സിഇഒയുമായ സലില്‍ പരേഖിനെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വിളിപ്പിച്ചു. ആദായ നികുതി വകുപ്പിലെ സാങ്കേതിക തകരാര്‍ തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. നാളെ നേരിട്ട് വിശദീകരണം നല്‍കാനാണ് നിര്‍ദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ രണ്ടര മാസമായിട്ടും തകരാർ പരിഹരിക്കാന്‍ പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്ത ഇന്‍ഫോസിസിന് കഴിഞ്ഞിട്ടില്ല. ജൂണ്‍ 7നാണ് പുതിയ ഇ ഫയലിങ് പോര്‍ട്ടല്‍ പുറത്തിറക്കിയത്. റിട്ടേണുകള്‍ പ്രൊസസ് ചെയ്യുന്ന സമയം കുറയ്ക്കുന്നതിനും റീ ഫണ്ട് വേഗത്തില്‍ നല്‍കുന്നതിനുമാണ് പുതുതലമുറ ഫയലിങ് സംവിധാനം തയ്യാറാക്കാന്‍ 2019ല്‍ ധനമന്ത്രാലയം ഇന്‍ഫോസിസുമായി കരാറിലെത്തിയത്. എന്നാൽ പോർട്ടൽ പ്രവർത്തനമാരംഭിച്ചതിന് ശേഷം നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പലർക്കും പ്രശ്നങ്ങൾ നേരിട്ടിരുന്നു. നികുതിദായകരും ചാർട്ടേഡ് അക്കൗണ്ടന്റുകളും സെപ്റ്റംബർ 30-ന് മുമ്പായി ടാക്സ് റിട്ടേൺ സമർപ്പിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം. എന്നാൽ ഇതുവരെയും പോർട്ടൽ തകരാർ പരിഹരിക്കാത്തത് കാരണം പലരും സമയപരിധിക്ക് മുമ്പായി ടാക്സ് റിട്ടേൺ സമർപ്പിക്കാൻ ബുദ്ധിമുട്ടുകയാണ്. ഡോ.എൻ.ആർ. നാരായണമൂർത്തിയുടെ നേതൃത്വത്തിൽ 1981 ൽ സ്ഥാപിക്കപ്പെട്ട വിവരസാങ്കേതിക വിദ്യാ മേഖലയിലെ കമ്പനിയാണ് ഇൻഫോസിസ് ലിമിറ്റഡ്.160,027 തൊഴിലാളികൾ ജോലി ചെയ്യുന്ന ഇൻഫോസിസ്, ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നും, ബാംഗ്ലൂരിലെ ഇൻഫോസിസ് ക്യാമ്പസ് ലോകത്തിലെ തന്നെ ഏറ്റവും വലിയ വിവര സാങ്കേതിക ക്യാമ്പസുകളിലൊന്നുമാണ്. അതേസമയം ലോഗിൻ ചെയ്യാനുള്ള പ്രയാസം, ആധാർ മൂല്യ നിർണ്ണയം ചെയ്യാനുള്ള പ്രയാസം, ഒ.ടി.പി ജനറേറ്റ് ചെയ്യാൻ സാധിക്കാത്തത് തുടങ്ങിയവയൊക്കെയാണ് പോർട്ടൽ തകരാറുകൾ. ഇതുമായി ബന്ധപ്പെട്ട് പല പരാതികളും സമൂഹ മാധ്യമങ്ങളിലടക്കം ഉയർന്നു വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ധനമന്ത്രാലയം യോഗം വിളിച്ചത്.
Tags