സംസ്ഥാനത്തെ കൊറോണ രോഗികൾ ഇരട്ടിയോ അതിലധികമോ ആകാം; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്തെ കൊറോണ രോഗികളുടെ എണ്ണം ഇരട്ടിയോ അതിലധികമോ ആകാമെന്നും, ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്ജ്. അതിതീവ്ര വ്യാപനശേഷിയുള്ള ഡെൽറ്റ വൈറസുകളാണ് കേരളത്തിലുള്ളതിൽ 90 ശതമാനവും. രണ്ടാം തരംഗത്തിൽ നിന്ന് ഇതുവരെ പൂർണമായും മുക്തി നേടാനായിട്ടില്ല. മൂന്നാം തരംഗത്തിന്റെ ആശങ്ക ഇപ്പോഴും നിലനിൽക്കുന്നുണ്ട്. വാക്‌സിനേഷൻ പൂർത്തിയാകുന്നതിന് മുൻപ് മൂന്നാം തരംഗം ഉണ്ടായാൽ സ്ഥിതി ഗുരുതരമാകും. അത് തടയാനുള്ള നിയന്ത്രണങ്ങളാണ് സർക്കാർ ആലോചിക്കുന്നതും നടപ്പാക്കുന്നതുമെന്നും മന്ത്രി പറഞ്ഞു. കൊറോണ നിയന്ത്രണങ്ങളെ സംബന്ധിച്ച കെ. ബാബുവിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. പകർച്ചവ്യാധികളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകിക്കൊണ്ട് ഇളവ് നൽകണമെന്നാണ് സർക്കാർ നിലപാട്. പെട്ടന്ന് പൂർണമായ ഇളവ് കൊണ്ടുവരാനാകില്ല. അങ്ങനെ ചെയ്താൽ നൽകേണ്ടി വരുന്നത് ജനങ്ങളുടെ ജീവനായിരിക്കും. സുപ്രീംകോടതിയുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങളെന്നും മന്ത്രി പറഞ്ഞു. എന്നാൽ മദ്യം വാങ്ങാൻ ആദ്യ ഡോസ് സർട്ടിഫിക്കറ്റ് വേണ്ടെന്നും, കടകളിൽ പോകാൻ സർട്ടിഫിക്കറ്റ് വേണമെന്ന അവസ്ഥയാണെന്നും കെ.ബാബു പരിഹസിച്ചു. സർക്കാർ ജനങ്ങളെ കളിയാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ആരോപിച്ചു. ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ് ഉള്ളത്. കടയിൽ പോകണമെങ്കിൽ 500 രൂപ കൊടുത്ത് ആർടിപിസിആർ എടുക്കേണ്ട സ്ഥിതിയാണ് ഭൂരിഭാഗം ജനങ്ങൾക്കുമുള്ളത്. പുറത്തിറങ്ങാൻ കഴിയാതെ ആളുകൾ എങ്ങനെ സാധനം വാങ്ങുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. അതേസമയം ഇപ്പോഴുള്ള നിയന്ത്രണങ്ങൾ പിൻവലിക്കില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Tags