കേരളത്തിലെ പ്രമുഖ രാഷ്‌ട്രീയ നേതാക്കളുടെ സ്വർണക്കടത്ത് ബന്ധത്തിന് കൂടുതൽ തെളിവുകൾ.

കൊച്ചി: കേരളത്തിലെ പ്രമുഖ രാഷ്‌ട്രീയ നേതാക്കളുടെ സ്വർണക്കടത്ത് ബന്ധത്തിന് കൂടുതൽ തെളിവുകൾ. വിമാനത്താവള സ്വർണക്കടത്ത് കേസ് പ്രതി മുഹമ്മദ് അൻവറിന്റെ ആഫ്രിക്കയിലെ സ്വർണ ഖനിയിൽ രാഷ്‌ട്രീയ ഉന്നതനും നിക്ഷേപം. ആഫ്രിക്കയിലെ സിയറ ലിയോണിലെ അൻവറിന്റെ സ്വർണഖനനത്തിൽ രാഷ്‌ട്രീയ ഉന്നതനും പങ്കാളിയാണ്. വിശദമായ അന്വേഷണമാരംഭിച്ച് കസ്റ്റംസ്. തിരുവനന്തപുരം വിമാനത്തവളത്തിൽ പിടികൂടി നയതന്ത്ര ബാഗേജ് സ്വർണക്കടത്തിലെ എൻഐഎ, കസ്റ്റംസ് കേസുകളിൽ അറസ്റ്റിലായിരുന്ന ടിഎം മുഹമ്മദ് അൻവറിന് ആഫ്രിക്കയിലെ സിയറ ലിയോണിലുള്ള സ്വർണഖനിയിലാണ് സംസ്ഥാനത്തെ രാഷ്‌ട്രീയ പ്രമുഖനും വ്യാപാര പങ്കാളിയായിട്ടുള്ളത്. അൻവറിന്റെ മുൻ പശ്ചാത്തലങ്ങൾ അറിഞ്ഞുതന്നെയാണ് ഭരണപക്ഷത്തെ ഉന്നത രാഷ്‌ട്രീയ നേതാവ് ആഫ്രിക്കയിലെ സ്വർണഖനനത്തിൽ ഇയാൾക്കൊപ്പം പങ്കാളിയായത്. സ്വർണഖനി നിക്ഷേപത്തിൽ പ്രമുഖനുമുള്ളതായി സ്വർണക്കടത്തിലെ മറ്റു ചില പ്രതികളോടും ഇയാൾ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ ആഫ്രിക്കയിൽ സ്വർണഖനി നിക്ഷേപമുള്ളതായോ, രാഷ്‌ട്രീയ പ്രമുഖൻ തന്റെ വ്യാപാര പങ്കാളിയാണെന്നോ വെളിപ്പെടുത്തിയിരുന്നില്ല. മറ്റ് ചില നിർണായക വിവരങ്ങൾ നൽകി കസ്റ്റംസിനോട് സഹകരിച്ചതോടെ ഇയാളുടെ ജാമ്യാപേക്ഷ യെ കസ്റ്റംസ് എതിർത്തിരുന്നില്ല. തുടർന്ന് ജാമ്യം ലഭിക്കുകയും, പാസ്പോർട്ട് തിരികെ ലഭിക്കുകയും ചെയ്ത അൻവർ നിരവധി വിദേശയാത്രകളും നടത്തിയതായാണ് വിവരം. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവരെ പ്രതിരോധത്തിലാക്കുന്ന സരിത്തിന്റെയും, സ്വപ്ന സുരേഷിൻ്റയും പുറത്തുവന്നതിന് പിന്നാലെയാണ് ഭരണപക്ഷത്തെ നേതാവിന്റെ സ്വർണക്കടത്ത് പ്രതിയുമായി ചേർന്നുള്ള സ്വർണഖനി നിക്ഷേപത്തിന്റെ വിവരങ്ങളും പുറത്തു വരുന്നത്. ഇപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാഷ്‌ട്രീയ നേതാവിന്റെ പങ്കാളിത്തത്തെ കുറിച്ചും അന്വേഷിക്കുകയാണ് കസ്റ്റംസ്. ആഫ്രിക്കയിലെ സിയറ ലിയോണിൽ നിക്ഷേപമുള്ള ഉന്നതനിൽ നിന്ന് കസ്റ്റംസ് വിവരങ്ങൾ തേടും. ഒപ്പം മുഹമ്മദ് അൻവറിനെ ഒരിക്കൽ കൂടി ചോദ്യം ചെയ്യാനും ഒരുങ്ങുകയാണ് കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം.
Tags