കൊച്ചി ഭാര്യയും കുഞ്ഞും കോവിഡ് ബാധിച്ച് മരിച്ചതിൽ മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചു

ഭാര്യയും കുഞ്ഞും കോവിഡ് ബാധിച്ച് മരിച്ചതിൽ മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചു. ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയിൽ വീട്ടിൽ കുഞ്ഞുമോന്റെയും ഉഷയുടെയും മകനായ വിഷണുവാണ് മരിച്ചത്. സൗദി അറേബ്യയിൽ വെച്ചാണ് കോവിഡ് ബാധിച്ച് വിഷ്ണുവിന്റെ ഭാര്യയും കുഞ്ഞും മരിച്ചത്. ഇതിനുശേഷം വിഷ്ണു ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. ഇന്നു രാവിലെ വിഷ്ണു എഴുന്നേൽക്കാൻ വൈകിയതോടെയാണ് വീട്ടുകാർ കിടപ്പ് മുറിയുടെ വാതിൽ തകർത്ത് അകത്തു കയറിയത്. ഫാനിൽ തൂങ്ങിയ നിലയിലാണ് വിഷ്ണുവിനെ കണ്ടെത്തിയത്. അവശനിലയിലായിരുന്ന വിഷ്ണുവിനെ നാട്ടുകാർ ദേശം സി.എ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൗദിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു വിഷ്ണു. എട്ട് മാസം ഗർഭിണിയായിരുന്ന ഭാര്യ ഗാഥയെ കഴിഞ്ഞ ജൂലൈ മാസം പ്രസവത്തിന് നാട്ടിലേക്ക് കൊണ്ടുവരാൻ ഇരിക്കുന്നതിനിടെയാണ് കോവിഡ് ബാധിച്ചത്. ആശുപത്രിയിൽ പരിശോധന നടത്തിയപ്പോഴാണ് ഗാഥയ്‌ക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. തുടർന്ന് അതേ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത ദിവസം അതീവ ഗുരുതരാവസ്ഥയിലായ ഗാഥയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. അതിനിടെ കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തെങ്കിലും ഗാഥ മരിച്ചു. രണ്ടു ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ കുഞ്ഞും മരിച്ചു. ഇതേത്തുടർന്ന് വിഷ്ണു നാട്ടിലേക്ക് വരികയായിരുന്നു. നാട്ടിലെത്തിയ ശേഷം വിഷാദ അവസ്ഥയിലായിരുന്ന വിഷ്ണു അധികം ആരോടും സംസാരിക്കാറില്ലായിരുന്നു. അതിനിടെയാണ് ഇന്ന് രാവിലെയോടെ വിഷ്ണു ജീവനൊടുക്കിയത്.
Tags