പി.വി.സിന്ധുവിനെ ആദരിച്ച് ആന്ധ്രപ്രദേശ്; പുരസ്‌കാരം നൽകി മുഖ്യമന്ത്രി ജഗൻമോഹൻ
August 06, 2021
അമരാവതി: ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് പി.വി.സിന്ധുവിനെ ആദരിച്ച് ആന്ധ്രപ്രദേശ് സർക്കാർ. മുഖ്യമന്ത്രി ജഗൻമോഹനും കായിക മന്ത്രിയും ഔദ്യോഗികമായിട്ടാണ് സിന്ധുവിനെ ക്ഷണിച്ചത്. മെഡൽ നേടിയ ഉടനെ പുരസ്‌കാരം പ്രഖ്യാപിച്ച ജഗൻമോഹൻ ഹൈദരാബാദിൽ ബാഡ്മിന്റൺ അക്കാദമിക്കായി സ്ഥലവും വാഗ്ദ്ദാനം ചെയ്തു. കായിക മന്ത്രി മുട്ടംസെട്ടി ശ്രീനിവാസ റാവു, ചീഫ് സെക്രട്ടറി ഡോ. രജത് ഭാർഗവ എന്നിവരും സിന്ധുവിനെ ആദരിക്കുന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു.
ടോക്കിയോ ഒളിമ്പിക്‌സിലെ മെഡൽ നേട്ടത്തോടെ തുടർച്ചയായി ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി സിന്ധുമാറി. കഴിഞ്ഞ തവണ വെള്ളിമെഡൽ നേടിയ സിന്ധു ഇത്തവണ കനത്തപോരാട്ടത്തിലാണ് ചൈനയുടെ താരത്തെ പരാജയപ്പെടുത്തി മെഡൽ നേടിയത്.
തനിക്ക് എല്ലാ പിന്തുണയും നൽകിയ സംസ്ഥാന ഭരണകൂടത്തിന് സിന്ധു നന്ദി പറഞ്ഞു. ടോക്കിയോവിലേക്ക് പുറപ്പെടും മുന്നേ താൻ മുഖ്യമന്ത്രി ജഗൻമോഹനെ കണ്ടിരുന്നുവെന്നും വലിയ ആത്മവിശ്വാസമാണ് അദ്ദേഹം നൽകിയതെന്നും സിന്ധു ആദരിക്കൽ ചടങ്ങിൽ പറഞ്ഞു. കായികതാരങ്ങൾക്ക് സർക്കാർ ജോലികളിൽ രണ്ടു ശതമാനം ജോലി സംവരണം നൽകാൻ തീരുമാനിച്ചത് ഏറെ പ്രചോദനമാണെന്നും സിന്ധു പറഞ്ഞു.
Tags