മുസ്ലിം ലീഗില്‍ കുഞ്ഞാലിക്കുട്ടിയുടെ ആധിപത്യം അവസാനിക്കാറായി; കാത്തിരുന്നുകാണാമെന്ന് കെ ടി ജലീല്‍

മുസ്ലിം ലീഗില്‍ കുഞ്ഞാലിക്കുട്ടിയുടെ ആധിപത്യം അവസാനിക്കാറായെന്ന് കെ ടി ജലീല്‍. കുഞ്ഞാലിക്കുട്ടി വായ തുറക്കാത്ത വാര്‍ത്താസമ്മേളനമാണ് ഇന്ന് നടന്നത്. ഇത് ചരിത്രമാണെന്നും കെ ടി ജലീല്‍ പറഞ്ഞു. ഇ. ടി മുഹമ്മദ് ബഷീര്‍ കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ ആരും മൈക്ക് തട്ടിപ്പറിക്കാന്‍ വന്നിട്ടില്ലെന്നും ജലീല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.(kt jaleel MLA) ‘എന്താണോ കേരളത്തിലെ ജനാധിപത്യ സംവിധാനം ആഗ്രഹിച്ചത്, അതാണ് ഇന്നുണ്ടായത്. മാഫിയ രാഷ്ട്രീയത്തിനെതിരായ താക്കീതാണ് ഇന്ന് മലപ്പുറത്ത് ചേര്‍ന്ന ലീഗ് യോഗത്തിലുണ്ടായത്. വാക്കുപറഞ്ഞാല്‍ വാക്കാവണം. ഞാന്‍ പറഞ്ഞ വാക്ക് പാലിക്കും. കുഞ്ഞാലിക്കുട്ടിയുടെ യുഗം ലീഗില്‍ അവസാനിച്ചേപറ്റൂ. ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിന്റെ ആശാനാണ് കുഞ്ഞാലിക്കുട്ടി. അതുകൊണ്ടാണ് അതേനാണയത്തില്‍ തന്നെ തിരിച്ചടിക്കണമെന്ന് തോന്നിയത്. പലരെയും നിശബ്ദരാക്കിയതും പുറത്താക്കിയതും കുഞ്ഞാലിക്കുട്ടിയാണ്. അതുകൊണ്ടുതന്നെ ഒരു പുറത്തുപോകല്‍ ലീഗിന് അനിവാര്യമാണ്. കാത്തിരുന്നുകാണാം’. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ച മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ഇന്ന് മലപ്പുറത്ത് യോഗം ചേര്‍ന്നത്. പാണക്കാട് കുടുംബാംഗങ്ങളും ലീഗ് ദേശീയ നേതൃത്വവും പങ്കെടുത്ത യോഗത്തില്‍ മുഈനെതിരെ കടുത്ത നടപടി ഇല്ലെന്നാണ് തീരുമാനമായത്. കെ ടി ജലീലിനു പിന്നാലെയാണ് മുഈനലിയും കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണങ്ങളുമായി എത്തിയത്. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണ ഇടപാട് നടന്നുവെന്ന ആരോപണത്തില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇഡിയുടെ നോട്ടീസ് കിട്ടാന്‍ കാരണം കുഞ്ഞാലിക്കുട്ടിയാണെന്ന മുഈനലിയുടെ ആരോപണമാണ് ലീഗിന്റെ ഉന്നതതല സമിതി യോഗം വരെയെത്തിയത്. ജലീല്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവക്കുന്നതായിരുന്നു മുഈന്‍ അലിയുടെ പരമാര്‍ശങ്ങള്‍.
Tags