അഫ്ഗാൻ കവിയും ചരിത്രകാരനുമായ അബ്ദുള്ള അതേഫിയെ താലിബാൻ ഭീകരർ വെടിവച്ചു കൊന്നു

കാബൂൾ ; അഫ്ഗാൻ കവിയും ചരിത്രകാരനുമായ അബ്ദുള്ള അതേഫിയെ താലിബാൻ ഭീകരർ വെടിവച്ചു കൊന്നു . തെക്കൻ അഫ്ഗാനിസ്ഥാനിലെ ഉറുസ്ഗാൻ പ്രവിശ്യയിലാണ് സംഭവം . ഉറുസ്ഗാനിലെ ചോര ജില്ലയിലെ വീട്ടിൽ നിന്ന് അതേഫിയെ വിളിച്ചിറക്കി കൊണ്ടു പോയാണ് കൊലപ്പെടുത്തിയതെന്ന് അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുല്ല സാലിഹ് പറഞ്ഞു . ജൂൺ മുതൽ അതേഫിയുടെ സ്വദേശമായ ചോര താലിബാൻ നിയന്ത്രണത്തിലായിരുന്നു. അദ്ദേഹത്തിന്റെ തലയ്‌ക്കാണ് വെടിയേറ്റത് . സാമ്പത്തിക ശാസ്ത്രത്തിലും ചരിത്രത്തിലും പണ്ഡിതനായതിനാലാണ് താലിബാൻ അതേഫിയെ വധിച്ചതെന്ന് അമറുല്ല സാലിഹ് പറഞ്ഞു . പഷ്തൂൺ യുവാക്കളെ പഠിപ്പിക്കുകയും അവരെ അക്രമത്തിൽ നിന്ന് വ്യതിചലിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തിരുന്നു അതേഫി . അഫ്ഗാൻ തകർന്ന് തരിശുഭൂമിയാകുന്നത് കാണാനാണ് താലിബാനും പാകിസ്താനിലെ താലിബാൻ പിന്തുണക്കാരും ആഗ്രഹിക്കുന്നതെന്ന് അമറുല്ല സാലിഹ് കൂട്ടിച്ചേർത്തു . വിദ്യാഭ്യാസത്തിനും ബോധവൽക്കരണത്തിനും താലിബാൻ എതിരാണെന്നതിന്റെ ഉദാഹരണമാണ് അതേഫിയുടെ കൊലപാതകമെന്ന് മേഖലയിലെ നിരവധി പ്രമുഖർ പറഞ്ഞു . അതേ സമയം കൊലപാതകത്തെക്കുറിച്ച് താലിബാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യതാരത്തെ താലിബാൻ ഭീകരർ അടുത്തിടെ കൊലപ്പെടുത്തിയിരുന്നു. ഹാസ്യനടൻ ഖാഷയെന്ന് വിളിക്കുന്ന നാസർ മുഹമ്മദിനെയാണ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. വീട്ടിൽ നിന്നും നടനെ തട്ടിക്കൊണ്ടുപോയ ശേഷം മരത്തിൽ കെട്ടിയിട്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
Tags