നവീകരിച്ച ജാലിയൻവാലാബാഗ് സമുച്ചയം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അമൃത്‌സർ : നവീകരിച്ച ജാലിയൻവാലാബാഗ് സമുച്ചയം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . വീഡിയോ കോൺഫറൻസിംഗിലൂടെയാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തത് . പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗും ചടങ്ങിൽ പങ്കെടുത്തു.


 
ഏറെക്കാലമായി ശ്രദ്ധിക്കാതിരുന്ന സ്മാരകവും ഉദ്യാനവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താൽപ്പര്യപ്രകാരമാണ് നവീകരിച്ചത്. ഉപയോഗശൂന്യമായ കെട്ടിടങ്ങൾ നവീകരിച്ച് നാല് മ്യൂസിയം ഗാലറികളാണ് ഇവിടെ ഒരുക്കിയത് .

ആ കാലഘട്ടത്തിൽ പഞ്ചാബിൽ അരങ്ങേറിയ സംഭവങ്ങളുടെ ചരിത്രപരമായ മൂല്യം പ്രദർശിപ്പിക്കുന്ന ഗാലറികളിൽ പ്രൊജക്ഷൻ മാപ്പിംഗും 3 ഡി ദൃശ്യ ചാരുതയും ഉൾപ്പെടെ ഓഡിയോ-വിഷ്വൽ സാങ്കേതികവിദ്യയുടെ എല്ലാ മികവും ഒരുക്കിയിട്ടുണ്ട് .1919 ഏപ്രിൽ 13 -ന് നടന്ന സംഭവങ്ങൾ പ്രദർശിപ്പിക്കുന്നതിന് ഒരു ‘സൗണ്ട് ആൻഡ് ലൈറ്റ്’ ഷോയും സജ്ജീകരിച്ചിട്ടുണ്ട്

ജനങ്ങൾ വീണുമരിച്ച ഷഹീദി കിണർ , ജ്വാല സ്മാരകം എന്നിവയും പുനസ്ഥാപിച്ചു . ജലാശയത്തെ താമരക്കുളമായി പുനരുജ്ജീവിപ്പിച്ചു, മെച്ചപ്പെട്ട സഞ്ചാരത്തിനായി വഴികൾ വിശാലമാക്കി.

സ്മാരകത്തിൽ നിർമ്മിച്ച മ്യൂസിയം ഗാലറികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിച്ചു. പഞ്ചാബിലെ അമൃതസറിലാണ് സ്മാരകം നിലകൊള്ളുന്നത്. 1919 ഏപ്രിൽ 13നാണ് ജാലിയൻവാലാബാഗിൽ ബ്രിട്ടീഷുകാർ കൂട്ടക്കുരുതി നടത്തിയത്. 103-ാം വർഷത്തിലാണ് മികച്ച രീതിയിൽ സ്മാരകം കേന്ദ്രസർക്കാർ നവീകരിച്ചത്.
Tags