റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയുന്നു; കണക്ക് പുറത്തുവിട്ട് കേന്ദ്രസർക്കാർ

ന്യൂഡൽഹി: 2020ൽ ഇന്ത്യയിലെ നിരത്തുകളിൽ സംഭവിച്ചത് 3,66,138 റോഡപകടങ്ങളെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇതിൽ 1,31,714 പേർക്ക് ജീവൻ നഷ്ടമായി. ലോക സഭയിൽ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി വിവരങ്ങൾ വ്യക്തമാക്കിയത്. 11 വർഷത്തിനു ശേഷം ഇതാദ്യമായാണ് ഇന്ത്യയിൽ റോഡപകടമരണനിരക്ക് കുറയുന്നത്. 2009ലാണ് ഇതിനുമുന്നെ കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. 1.26 ലക്ഷം പേരാണ് 2009ൽ റോഡപകടത്തിൽ കൊല്ലപ്പെട്ടത്. 2019ൽ ഏകദേശം 1.51 ലക്ഷം പേർക്കാണ് ഇന്ത്യയിലെ നിരത്തുകളിൽ ജീവൻ നഷ്ടമായത്. 2018ൽ 4,67,004 റോഡപകടങ്ങളിലായി 1,51,417 പേരാണ് കൊല്ലപ്പെട്ടത്. റോഡപകടങ്ങളിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. കോവിഡ് വ്യാപനവും ലോക്ഡൗണും റോഡപകടങ്ങൾ കുറയാൻ ഒരുപരിധിവരെ സഹായിച്ചിട്ടുണ്ട്. മരണനിരക്കും അപകടനിരക്കും മാത്രമാണ് നിലവിൽ പുറത്തുവന്നിട്ടുള്ളത്. അപകടങ്ങളിൽ പരിക്കുപറ്റിയവരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. റോഡ് സുരക്ഷ ഉറപ്പാക്കാനായി വിദ്യാഭ്യാസം, റോഡ് എൻജിനിയറിങ്ങ്, വാഹന എൻജിനിയറിങ്ങ്, നിയമപാലനം, എമർജൻസി കെയർ എന്നീ വിഭാഗങ്ങൾ കേന്ദ്രീകരിച്ച്‌ സുരക്ഷാപരിപാടികൾ സംഘടിപ്പിക്കും. റോഡ് അപകടങ്ങൾ ഇനിയും കുറയ്‌ക്കുവാനായി ബോധവത്കരണ പരിപാടികൾ കാര്യക്ഷമമായി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags