കേന്ദ്ര ആരോഗ്യമന്ത്രി മാൻസുഖ് മാണ്ഡവ്യ കേരളം സന്ദർശിക്കും

ന്യൂഡൽഹി : കേന്ദ്ര ആരോഗ്യമന്ത്രി മാൻസുഖ് മാണ്ഡവ്യ കേരളം സന്ദർശിക്കും. സംസ്ഥാനത്ത് കൊറോണ വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് കേന്ദ്ര മന്ത്രി നേരിട്ടെത്തുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടാകും. ഓഗസ്റ്റ് 16 നാണ് അദ്ദേഹം സംസ്ഥാനത്തെത്തുക എന്നാണ് വിവരം. തിങ്കളാഴ്ചയോടെ കേരളത്തിലെത്തുന്ന കേന്ദ്ര മന്ത്രി, ആരോഗ്യമന്ത്രി വീണ ജോർജ്ജ്, ചീഫ് സെക്രട്ടറി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തും. തുടർന്ന് അടുത്ത ദിവസം അദ്ദേഹം അസം സന്ദർശിക്കും. രാജ്യത്ത് ടിപിആർ നിരക്ക് അനുസരിച്ച് ഏറ്റവും കൂടുതൽ രോഗികൾ ഉള്ള സംസ്ഥാനമാണ് കേരളം എന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് വാക്‌സിൻ സ്വീകരിച്ചവരിലും കൊറോണ ബാധിക്കുന്നവർ കൂടുതലാണ്. കേരളത്തിലെ പ്രതിരോധനടപടിൾ സംബന്ധിച്ച് ശക്തമായ നടപടികൾസ്വീകരിക്കാൻ കേന്ദ്രം നിർദ്ദേശിക്കും എന്നാണ് വിവരം. സംസ്ഥാനത്ത് പ്രതിദിന കൊറോണ കേസുകളുടെ എണ്ണം കുറയാത്തതിൽ കേന്ദ്രം ആശങ്കയറിയിച്ചിരുന്നു. രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ പകുതിയും കേരളത്തിൽ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുകയുമുണ്ടായി. സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് വേണ്ടി കേന്ദ്ര സംഘത്തെ രണ്ടിലേറെ തവണയാണ് കേരളത്തിലേയ്‌ക്ക് അയച്ചത്. എന്നാൽ രോഗവ്യാപനത്തിൽ കുറവ് ഉണ്ടാകാത്ത സാഹചര്യത്തിലാണ്‌കേന്ദ്ര മന്ത്രി നേരിട്ടെത്തുന്നത്.
Tags