വാജ്‍പേയി ഓർമ്മയായിട്ട് ഇന്ന് 3 വർഷം

ഇച്ഛാശക്തിയുള്ള ഭരണാധികാരിയും അതേസമയം സൗമ്യനായ കവിയും പ്രഗത്ഭനായ വാഗ്മിയും ആയിരുന്നു അടൽ ബിഹാരി വാജ്പേയി. സ്വതന്ത്ര ഇന്ത്യയുടെ ആഭ്യന്തരവും വൈദേശികവുമായ നയരൂപീകരണത്തിൽ അദ്ദേഹം മുഖ്യപങ്കാളിത്വം വഹിച്ചു. വിശേഷണങ്ങൾക്കപ്പുറം എഴുത്തിലും രാഷ്ട്രീയത്തിലും സമാനതകളില്ലാതെ മികവ് പുലർത്തിയ ഭരണാധികാരിയായിരുന്നു അദ്ദേഹം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്‍റെ പ്രധാനമന്ത്രി പദം മൂന്ന് തവണ അലങ്കരിച്ച ക്രാന്തദർശിയായ ദേശീയ നേതാവ്. കാലാവധി പൂർത്തിയാക്കിയ കോൺഗ്രസ് ഇതര സർക്കാരിന്‍റെ നെടുനായകത്വം. അഞ്ചു പതിറ്റാണ്ടു നീണ്ട പാർലമെന്‍ററി ജീവിതം. 1942-ൽ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിലൂടെ ദേശീയതയിലേക്ക്. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്‍റെ പ്രചാരകനായി സാമൂഹിക രംഗത്തേക്കിറങ്ങിയ വാജ്‍പേയി, 1951-ൽ ഭാരതീയ ജന സംഘത്തിന്‍റെയും, 1977ൽ ജനതാ പാർട്ടിയുടേയും സ്ഥാപക നേതാക്കളിൽ ഒരാളായി മാറി. മൊറാർജി മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രി പദം. 1996 ൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാറിനെ അധികാരത്തിലെത്തിച്ച് പ്രധാനമന്ത്രി പദത്തിലേക്ക്. 13 ദിവസം മാത്രം നീണ്ട ഭരണകാലയളവ്. 98 ൽ വീണ്ടും അധികാരത്തിൽ. 13 മാസത്തെ ഭരണത്തിൽ നേട്ടങ്ങൾ ഏറെ. പൊക്രാനിലെ ആണവ പരീക്ഷണവും, കാർഗിൽ യുദ്ധത്തിലെ വിജയവും ചരിത്രം കുറിച്ചു. സമ്പന്ന രാഷ്ട്രങ്ങളുടെ ഉപരോധങ്ങളെ നയചാതുര്യം കൊണ്ട് അതിജീവിക്കാൻ അദ്ദേഹത്തിനായി. 1999 ൽ 303 സീറ്റുകളിൽ വിജയിച്ച് എൻഡിഎ വീണ്ടും അധികാരത്തിലെത്തിയപ്പോഴും സർക്കാരിനെ നയിച്ചത് വാജ്‍പേയി തന്നെ. രാജ്യത്തിന്‍റെ വികസനത്തിന് പുതിയ ദിശാബോധം നൽകിയ എ ബി വാജ്പേയിയെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം നൽകിയാണ് രാജ്യം ആദരിച്ചത്. അവശേഷിപ്പിച്ച അടയാളങ്ങൾക്കപ്പുറത്തും അളക്കാനാകാത്ത വ്യക്തി മൂല്യങ്ങളുടെ പേരിൽ ചരിത്രം രേഖപ്പെടുത്തും അടൽ ബിഹാരി വാജ്പേയി എന്ന നാമധേയം.
Tags