മൈസൂർ ബലാത്സംഗത്തിലെ നാലുപേർപിടിയിൽ; പ്രതികളെ കണ്ടെത്തിയത് മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിൽ

മൈസൂരു: ചാമുണ്ഡി ഹിൽസ് ദേശീയ പാതയിൽ മാനേജ്‌മെന്റ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത നാലുപേരെ പോലീസ് പിടികൂടി. കർണ്ണാടക പോലീസ് നടത്തിയ വിദഗ്ധമായ അന്വേഷണമാണ് പ്രതികളെന്ന് കരുതുന്നവരിലേക്ക് എത്തിച്ചത്. ബാംഗ്ലൂരു-മൈസൂരു ദേശീയ പാതയിൽ ചാമുണ്ഡി മലനിരകളിലൂടെ പോകുന്ന ഭാഗത്താണ് ക്രൂരത നടന്നത്. സുഹൃത്തുമായി ബൈക്കിൽ രാത്രി കോളേജ് കഴിഞ്ഞു പോകവേ ദേശീയ പാതയിലൊരിടത്ത് വാഹനം നിർത്തിയപ്പോഴാണ് സംഭവം. പെൺകുട്ടിയുടേയും സുഹൃത്തിന്റേയും അടുത്തേക്ക് എത്തിയ യുവാക്കളുടെ സംഘം മന:പ്പൂർവ്വം വാക്കുതർക്കമുണ്ടാക്കിയ ശേഷമാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്. ആസൂത്രിതമായി നടത്തിയ കുറ്റകൃത്യമെന്നാണ് പോലീസ് നിഗമനം. ആൺസുഹൃത്തിനെ തല്ലിപ്പരിക്കേൽപ്പിച്ച് ബോധംകെടുത്തിയ ശേഷമാണ് പെൺകുട്ടിയെ വനത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് കണ്ടെത്തൽ. അപായപ്പെടുത്താനായി പെൺകുട്ടിയുടെ തലയ്‌ക്ക് കല്ലുകൊണ്ട് അടിച്ച് ബോധം കെടുത്തിയശേഷമാണ് സംഘം കടന്നു കളഞ്ഞതെന്നും പോലീസ് പറയുന്നു. സംഭവസ്ഥലത്ത് വിശദമായ പരിശോധന നടത്തിയ പോലീസ് പ്രദേശത്തെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധയാണ് നിർണ്ണായകമായത്. 16 മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ആറെണ്ണം ബംഗളൂരു സർവ്വകലാശാല വിദ്യാർത്ഥികളുടേതാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് നാലുപേർ പിടിയിലായത്. ഇതിൽ മൂന്ന് ഫോണുകൾ കേരളത്തിലേതും രണ്ടെണ്ണം തമിഴ്‌നാട്ടിലേതും ഒരെണ്ണം കർണ്ണാടകയിലേതുമെന്നാണ് കണ്ടെത്തൽ. പ്രതികളായ മൂന്ന് എഞ്ചിനീയറിംഗ് വിദ്യാർഥികൾ മലയാളികളാണെന്ന സൂചന കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇവർ പരീക്ഷ എഴുതിയിട്ടില്ലെന്നും സംഭവദിവസം മൈസൂരു ഭാഗത്തുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തി. യുവാക്കൾ കേരളത്തിൽ ഒളിവിൽ കഴിയുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തിൽ കർണാടക പൊലീസ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും എത്തിയിട്ടുണ്ട്. പ്രതികൾ പെൺകുട്ടിയുടെ അച്ഛന്റെ നമ്പറിലേക്ക് ആൺ സുഹൃത്തിന്റെ ഫോണിൽ നിന്ന് വിളിച്ച് മൂന്ന് ലക്ഷം രൂപ ചോദിച്ചതായും കണ്ടെത്തി. പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി പ്പെടുത്തിയെന്നും പോലീസ് പറഞ്ഞു. കർണ്ണാടക എ.ഡി.ജി.പി പ്രതാപ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Tags