രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടിയതിൽ പ്രതിഷേധിച്ച് ട്വിറ്ററിന്റെ ചിഹ്നമായ കിളിയെ കൊന്ന് പൊരിച്ച് ട്വിറ്റർ ആസ്ഥാനത്തേക്ക് അയച്ച് കോൺഗ്രസ് പ്രവർത്തകർ

ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടിയതിൽ പ്രതിഷേധിച്ച് ട്വിറ്ററിന്റെ ചിഹ്നമായ കിളിയെ കൊന്ന് പൊരിച്ച് ട്വിറ്റർ ആസ്ഥാനത്തേക്ക് അയച്ച് കോൺഗ്രസ് പ്രവർത്തകർ . ‘ബിജെപിയെ താഴെയിറക്കുക’ എന്ന മുദ്രാവാക്യത്തോടെയായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ പാചകം. ഡൽഹിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഒൻപതുകാരിയുടെ മാതാപിതാക്കളുടെ ദൃശ്യങ്ങൾ പങ്കുവച്ചുവെന്നറിയിച്ചാണ് രാഹുലിന്റെ അക്കൗണ്ട് മരവിപ്പിച്ചത്. ദേശീയ ബാലാവകാശ കമ്മീഷന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എന്നായിരുന്നു ട്വിറ്റർ പ്രതികരണം. ട്വിറ്റർ നടപടിക്കെതിരെ രാഹുൽ ഗാന്ധി രൂക്ഷമായി പ്രതികരിച്ചിരുന്നു. രാഹുൽ ഗാന്ധി ട്വിറ്ററിൽ ഉപയോഗിച്ച അതേ ചിത്രം നിരവധി കോൺഗ്രസ് പ്രവർത്തകർ തങ്ങളുടെ പ്രൊഫൈൽ ചിത്രമാക്കി മാറ്റിയിരുന്നു . ഇതെത്തുടർന്ന് ഈ അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു. തുടർന്ന് ദിവസങ്ങൾക്ക് ശേഷമാണ് ആന്ധ്രയിലെ കോൺഗ്രസ് പ്രവർത്തകർ കിളിയെ പൊരിച്ചെടുത്ത് ഗുഡ്ഗാവിലെയും ഡൽഹിയിലെയും ട്വിറ്ററിന്റെ ആസ്ഥാനത്തേക്ക് കൊറിയർ ചെയ്തത്. കിളികളെ പൊരിക്കുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട് . രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാനുള്ള ട്വിറ്ററിന്റെ തീരുമാനത്തിനെതിരായ ‘പ്രതിഷേധ’ത്തിന്റെ ഒരു രൂപമാണ് ഈ നടപടിയെന്ന് ട്വീറ്റിൽ കോൺഗ്രസ് പ്രവർത്തകർ അറിയിച്ചു. മുൻ എംപി ഹർഷകുമാറിന്റെ മകനാണ് വീഡിയോയിലുള്ളത് . അതേ സമയം രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് മരവിപ്പിച്ചത് ട്വിറ്റർ രണ്ട് ദിവസം മുൻപ് പുനസ്ഥാപിച്ചിരുന്നു . എന്നിട്ടും കോൺഗ്രസ് പ്രവർത്തകർ കിളിയെ കൊന്ന് ‘ ഫ്രൈ‘ ആക്കിയതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനമുയർന്നിട്ടുണ്ട് .
Tags