സംസ്ഥാനത്തെ 2 കോടിയിലധികം ജനങ്ങള്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
August 26, 2021
സംസ്ഥാനത്തെ 2 കോടിയിലധികം ജനങ്ങള്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 2,00,04,196 പേര്‍ ഇതുവരെ കൊവിഡ് വാക്‌സിന്‍ ്‌സ്വീകരിച്ചു. കൊവിഡിനെതിരായി സംസ്ഥാനം വലിയ പോരാട്ടം നടത്തുമ്പോള്‍ ഇത് ഏറെ ആശ്വാസകരമാണ്. പരമാവധി പേര്‍ക്ക് ഒരു ഡോസെങ്കിലും വാക്സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സെപ്റ്റംബര്‍ മാസത്തില്‍ തന്നെ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഓണാവധി പോലും കാര്യമാക്കാതെ ലക്ഷ്യം പൂര്‍ത്തീകരിച്ച എല്ലാവരേയും അഭിനന്ദിക്കുന്നതായും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. covid vaccination drive
വാക്സിനേഷന്‍ യജ്ഞത്തിലൂടെ വാക്സിനേഷന്‍ ശക്തിപ്പെടുത്താനായിട്ടുണ്ട്. സംസ്ഥാനത്ത് ആഗസ്റ്റ് 9 മുതലാണ് വാക്സിനേഷന്‍ യജ്ഞം ആരംഭിച്ചത്. ഇതുവരെ 54,07,847 ഡോസ് വാക്സിനാണ് വാക്സിനേഷന്‍ യജ്ഞത്തിലൂടെ നല്‍കാന്‍ സാധിച്ചത്. രണ്ട് തവണ 5 ലക്ഷത്തിലധികം പേര്‍ക്കും മൂന്ന് തവണ 4 ലക്ഷത്തിലധികം പേര്‍ക്കും വാക്സിന്‍ നല്‍കാനായി. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,72,54,255 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. അതില്‍ 2,00,04,196 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 72,50,059 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. 56.51 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 20.48 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.
18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 69.70 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 25.26 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. മാത്രമല്ല രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്. സ്തീകളാണ് വാക്സിന്‍ സ്വീകരിച്ചവരില്‍ മുന്നിലുള്ളത്. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് 1,41,75,570 ഡോസ് സ്ത്രീകള്‍ക്കും, 1,30,72,847 ഡോസ് പുരുഷന്‍മാര്‍ക്കുമാണ് നല്‍കിയത്. 18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് 93,89,283 ഡോസും, 45 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് 89,98,496 ഡോസും, 60 വയസിന് മുകളിലുള്ളവര്‍ക്ക് 88,66,476 ഡോസുമാണ് നല്‍കിയിട്ടുള്ളത്.
സംസ്ഥാനത്തെ വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 2,47,451 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. 1,158 സര്‍ക്കാര്‍ കേന്ദ്രങ്ങളും 378 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1,536 വാക്സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.
സംസ്ഥാനത്തിന് 6,55,070 ഡോസ് വാക്സിന്‍ കൂടി ലഭ്യമായി. 4,65,000 ഡോസ് കോവിഷീല്‍ഡ് വാക്സിനും 1,90,070 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. തിരുവനന്തപുരം 1,57,500, എറണാകുളം 1,83,000, കോഴിക്കോട് 1,24,500 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്സിനും തിരുവനന്തപുരം 30,500, എറണാകുളം 35,450, കോഴിക്കോട് 1,24,120 എന്നിങ്ങനെ ഡോസ് കോവാക്സിനുമാണെത്തിയത്.
അതേസമയം കേരളത്തില്‍ ആശുപത്രികളില്‍ നിലവില്‍ ഐ.സി.യു., വെന്റിലേറ്റര്‍ പ്രതിസന്ധിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഒരു ജില്ലയിലും തീവ്രപരിചണ ചികിത്സയ്ക്ക് ഇപ്പോള്‍ ബുദ്ധിമുട്ട് നേരിടുന്നില്ല. ആശങ്ക പരത്തുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ 281 എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സ എ.പി.എല്‍. ബി.പി.എല്‍. വ്യത്യാസമില്ലാതെ സൗജന്യമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഐ.സി.യു. സൗകര്യമോ വെന്റിലേറ്റര്‍ സൗകര്യമോ ലഭ്യമല്ലെങ്കില്‍ ഇത്തരം ആശുപത്രികളിലേക്ക് മാറ്റി ചികിത്സിപ്പിക്കുന്നതിനുള്ള സംവിധാനവുമുണ്ട്.
Read Also : സന്ദര്‍ശക വീസക്കാര്‍ക്ക് ഷാര്‍ജയിലേക്ക് യാത്ര ചെയ്യാമെന്ന അറിയിപ്പ് പിന്‍വലിച്ചു
സര്‍ക്കാര്‍ ആശുപത്രികളില്‍ ആകെ 3048 ഐ.സി.യു. കിടക്കളുള്ളതില്‍ 1020 കോവിഡ് രോഗികളും 740 നോണ്‍ കോവിഡ് രോഗികളുമാണുള്ളത്. 1288 ഐ.സി.യു. കിടക്കകള്‍ (43 ശതമാനം) ബാക്കിയുണ്ട്. 2293 വെന്റിലേറ്ററുകളുള്ളതില്‍ 444 കോവിഡ് രോഗികളും 148 നോണ്‍ കോവിഡ് രോഗികളുമുണ്ട്. 1701 വെന്റിലേറ്ററുകള്‍ (75 ശതമാനം) ഒഴിവുണ്ട്.
കോവിഡ് ചികിത്സയ്ക്കായി മാത്രം 281 എംപാനല്‍ഡ് ആശുപത്രികളിലായി 20,724 കിടക്കകള്‍ സജ്ജമാണ്. ഈ ആശുപത്രികളില്‍ 2082 ഐസിയുകളും 1081 വെന്റിലേറ്ററുകളുമുണ്ട്. സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്കായി 798 പേര്‍ ഐ.സി.യു.വിലും 313 പേര്‍ വെന്റിലേറ്ററിലുമുണ്ട്. കോവിഡ് രോഗികളുടെ എണ്ണം കൂടിയാല്‍ സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെയും ഐ.സി.യു.കളുടേയും എണ്ണം വര്‍ധിപ്പിക്കാന്‍ സാധിക്കുന്നതാണ്. അതിനാല്‍ തന്നെ ആശങ്കയുടെ കാര്യമില്ല.
Tags