ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ. വനിതകളുടെ ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ ഭവിന പട്ടേലിനു വെള്ളിമെഡൽ. ഫൈനലിൽ ചൈനയുടെ ലോക ഒന്നാം നമ്പർ താരം ഴൂ യിങിനോട് പരാജയപ്പെട്ടാണ് ഭവിന രണ്ടാം സ്ഥാനം നേടിയത്. ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്കാണ് യിങ് ഭവിനയെ കീഴടക്കിയത്. സ്കോർ 3-0. ടോക്യോ പാരാലിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ മെഡൽ ആണിത്. ടേബിൾ ടെന്നിസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന റെക്കോർഡും ഭവിന സ്വന്തമാക്കി. (paralympics bhavina patel silver)
കടുത്ത എതിരാളികളെ മറികടന്നെത്തിയ ഭവിനക്ക് കലാശപ്പോരിൽ ലഭിച്ചത് ഏറ്റവും ബുദ്ധിമുട്ടേറിയ താരമായിരുന്നു. 11-7 എന്ന സ്കോറിന് ആദ്യ സെറ്റ് സ്വന്തമാക്കിയ ചൈനീസ് താരം രണ്ടാം സെറ്റ് 11-5 എന്ന സ്കോറിനു വിജയിച്ചു. നിർണായകമായ മൂന്നാം സെറ്റിൽ 6നെതിരെ 1 പോയിൻ്റുകൾ നേടി താരം സ്വർണമെഡലിൽ മുത്തമിട്ടു.
ചൈനയുടെ തന്നെ ഴാങ് മിയാവോക്കെതിരെ ഐതിഹാസിക പോരാട്ടം കാഴ്ചവച്ചാണ് ഭവിന കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. സ്കോർ 3-2. ലോക മൂന്നാം നമ്പർ താരമായ മിയാവോയ്ക്കെതിരെ മുൻപ് മൂന്ന് തവണ കളിച്ചപ്പോഴും ഭവിന പരാജയപ്പെട്ടിരുന്നു.
ആദ്യ സെറ്റ് ഏഴിനെതിരെ 11 പോയിൻ്റുകൾക്ക് ചൈനീസ് താരം സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ തിരികെ വന്ന ഭവന ഇതേ സ്കോറിന് മിയാവോയെ തോൽപിച്ചു. മൂന്നാം സെറ്റിൽ ചൈനീസ് താരത്തെ നിഷ്പ്രഭയാക്കിയ ഭവിന 11-4 എന്ന സ്കോറിനാണ് വിജയിച്ചത്. നാലാം സെറ്റിൽ 9നെതിരെ 11 പോയിൻ്റുകൾ നേടിയ മിയാവോ ഇന്ത്യൻ താരത്തിനൊപ്പം പിടിച്ചു. നിർണായകമായ അഞ്ചാം സെറ്റിൽ 8നെതിരെ 11 പോയിൻ്റുകൾ നേടിയ ഭവിന സെറ്റും മത്സരവും സ്വന്തമാക്കുകയായിരുന്നു.
കഴിഞ്ഞ ഒളിമ്പിക്സിലെ ഗോൾഡ് മെഡലിസ്റ്റിനെയാണ് ഭവിന ക്വാർട്ടർ ഫൈനലിൽ കീഴടക്കിയത്. ഇന്നലെ സെമിയിൽ ഭവിനയോട് കീഴടങ്ങിയ ഴാങ് മിയാവോ ആ ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവായിരുന്നു. ഭവിന പട്ടേൽ ലോക എട്ടാം നമ്പർ താരമാണ്. എന്നാൽ പാരാലിമ്പിക്സിൽ വെള്ളി നേടിയതോടെ താരത്തിൻ്റെ റാങ്കിംഗ് മെച്ചപ്പെടും.