രാജ്യസഭയിലെ പ്രതിപക്ഷ ബഹളങ്ങള്‍ക്കിടയില്‍ വികാരാധീനനായി ഉപരാഷ്ട്രപതി

രാജ്യസഭയിലെ പ്രതിപക്ഷ ബഹളങ്ങള്‍ക്കിടയില്‍ വികാരാധീനനായി ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. സഭയുടെ പവിത്രത ചില അംഗങ്ങള്‍ തകര്‍ത്തതായി അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ കൊവിഡ് വ്യാപനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് നോട്ടിസ് നല്‍കിയത്. അതിനിടെ കേരളത്തിന് ആവശ്യമായ വാക്‌സിന്‍ കേന്ദ്രം നല്‍കുന്നില്ലെന്ന് കാട്ടി പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ഇടത് എംപിമാര്‍ പ്രതിഷേധിച്ചു. രാജ്യസഭ ഉച്ച വരെ നിര്‍ത്തിവച്ചു. ലോക്‌സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. തന്റെ രോഷം പ്രകടിപ്പിക്കാന്‍ തനിക്ക് വാക്കുകളില്ലെന്നും പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്, എന്നാല്‍ പാര്‍ലമെന്റില്‍ പ്രതിഷേധിക്കുമ്പോള്‍ ചില മര്യാദകളുണ്ടെന്നും ഉപാരാഷ്ട്രപതി പറഞ്ഞു. ചില അംഗങ്ങളും പ്രവൃത്തി ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസവും പാര്‍ലമെന്റ് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പ്രക്ഷുബ്ധമായിരുന്നു. പ്രതിപക്ഷ എംപിമാര്‍ ഉദ്യോഗസ്ഥരുടെ കയ്യില്‍ നിന്നും ഫയലുകള്‍ കീറിയെറിഞ്ഞു. നാടകീയ രംഗങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ സഭ പിരിയുകയായിരുന്നു. ഇന്നലെ പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷക സമരം എന്നിവയുയര്‍ത്തിയാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചത്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു. പലഘട്ടങ്ങളിലും സഭ നിര്‍ത്തിവച്ചു. നാലുമണിയോടെ വീണ്ടും സഭ സമ്മേളിക്കുന്നതിനിടെയാണ് വീണ്ടും ബഹളമുണ്ടായത്. ഉദ്യോഗസ്ഥരുടെ കയ്യില്‍ നിന്ന് ഫയലുകള്‍ തട്ടിയെടുത്ത് പ്രതിപക്ഷ എംപിമാര്‍ കീറിയെറിഞ്ഞു. ഫയലുകള്‍ നശിപ്പിച്ച എംപിമാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്.
Tags