ഭീകരവാദ വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്നു; ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസരമാക്കുന്ന ജിഹാദി ഗ്രൂപ്പുകള്‍ സജീവം

മലപ്പുറം: ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ജിഹാദി ഗ്രൂപ്പുകള്‍ സജീവമാകുന്നു. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുപോലെ വലയിലാക്കുകയാണ് ഈ മാഫിയയുടെ ലക്ഷ്യം. പാകിസ്ഥാനിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും നമ്പറുകളാണ് ഇത്തരം ഗ്രൂപ്പുകള്‍ നിയന്ത്രിക്കുന്നതെന്ന് വ്യക്തമായി. പൊന്നാനി സ്വദേശിയായ രക്ഷിതാവ് കഴിഞ്ഞ ദിവസം പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പൊന്നാനി തുയ്യം സ്വദേശിയുടെ മൂന്നാം ക്ലാസുകാരിയായ മകള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ഉപയോഗിക്കുന്ന നമ്പര്‍ കഴിഞ്ഞ ദിവസം 'ദി പീപ്പിള്‍ ക്ലബ്' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ടിരുന്നു. രക്ഷിതാക്കള്‍ ഈ ഗ്രൂപ്പ് നിരീക്ഷിച്ചപ്പോഴാണ് അസ്വാഭാവികമായ മെസേജുകള്‍ ശ്രദ്ധയില്‍പ്പെട്ടതും പോലീസിനെ സമീപിച്ചതും. വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറുകള്‍ കൈക്കലാക്കി ഇവരെ ജിഹാദി വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നതാണ് ആദ്യത്തെ രീതി. പിന്നീട് ഈ ഗ്രൂപ്പുകളില്‍ തുടര്‍ച്ചയായി അശ്ലീല വീഡിയോകള്‍ അയയ്ക്കും. ഗ്രൂപ്പില്‍ നിന്ന് വിദ്യാര്‍ഥികള്‍ പിന്‍വാങ്ങിയാല്‍ വീണ്ടും ആഡ് ചെയ്യും. അശ്ലീല വീഡിയോകള്‍ക്ക് ശേഷം അറബിയിലും ഹിന്ദിയിലുമുള്ള പ്രസംഗങ്ങളും അയയ്ക്കുന്നുണ്ട്. ഇതില്‍ പലതും തീവ്ര സ്വഭാവമുള്ള മതപ്രഭാഷണങ്ങളാണ്. ഗ്രൂപ്പ് അംഗങ്ങളില്‍ പലരുടെയും നമ്പര്‍ പാകിസ്ഥാനില്‍ നിന്നുള്ളതായതിനാല്‍ സംഭവം ഗുരുതരമാണെന്നും ശാസ്ത്രീയ അന്വേഷണത്തിനായി വിവരങ്ങള്‍ സൈബര്‍ സെല്ലിന് കൈമാറിയതായും പൊന്നാനി പോലീസ് അറിയിച്ചു. രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും കുട്ടികള്‍ക്ക് പഠനത്തിനായി നല്കുന്ന മൊബൈല്‍ ഫോണുകളിലെ വാട്‌സ്ആപ്പില്‍ മറ്റ് ഗ്രൂപ്പുകളിലേക്ക് ചേര്‍ക്കാന്‍ കഴിയാത്ത രീതിയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്കി.
Tags