യുഎസിലെ പാകിസ്താൻ എംബസിക്ക് മുന്നിൽ പ്രതിഷേധവുമായി അഫ്ഗാൻ-അമേരിക്കക്കാർ

വാഷിങ്ടൺ: യുഎസിലെ പാകിസ്താൻ എംബസിക്ക് മുന്നിൽ പ്രതിഷേധവുമായി അഫ്ഗാൻ-അമേരിക്കക്കാർ. അഫ്ഗാനിസ്താനിൽ അരങ്ങേറുന്ന താലിബാന്റെ ഭീകരപ്രവർത്തനങ്ങൾക്ക് സർവ പിന്തുണയും നൽകുന്ന ഇസ്ലാമാബാദിന്റെ നീക്കത്തിനെതിരെ പ്രതിഷേധക്കാർ ആഞ്ഞടിച്ചു. രാജ്യത്ത് താലിബാൻ ഭീകരതയ്‌ക്ക് ഇസ്ലാമാബാദാണ്് ഉത്തരവാദിയെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഓഗസ്റ്റ് 14ന് പാകിസ്താൻ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധക്കാർ എംബസിക്ക് മുന്നിലെത്തിയത്.അഫ്ഗാനിലുള്ള തങ്ങളുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാൻ നിലവിൽ യാതൊരു വഴിയുമില്ല. കുടുംബത്തിലെ ഏതെങ്കിലും അംഗം അഫ്ഗാൻ സൈന്യത്തിന്റെ ഭാഗമാണെന്നറിഞ്ഞാൽ ഭീകരർ ജീവനെടുക്കും. താലിബാൻ തുടരുന്ന ഈ നരനായാട്ടിന് ഒരിക്കൽ അമേരിക്ക മറുപടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സമരക്കാർ പറഞ്ഞു.
1990കളിൽ കണ്ടിരുന്ന അഫ്ഗാനിസ്താനും ജനങ്ങളുമല്ല ഇപ്പോൾ അവിടെയുള്ളത്. താലിബാൻ യുദ്ധം ചെയ്യുന്നത് അഫ്ഗാൻ എന്ന കൊച്ചുരാഷ്‌ട്രത്തോട് മാത്രമല്ല, ഈ ലോകത്തോട് കൂടിയാണ്. പുതിയ തലമുറയിൽ അഫ്ഗാൻ-അമേരിക്കൻസും അഫ്ഗാൻ-യൂറോപ്യൻസും അഫ്ഗാൻ-ആസ്‌ട്രേലിയൻസും ജീവിച്ചിരിപ്പുണ്ടെന്നും പ്രതിഷേധക്കാർ ഓർമിപ്പിച്ചു. താലിബാന്റെ പ്രവർത്തനം അഫ്ഗാനെ മാത്രമല്ല ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളെ ബാധിക്കുമെന്നും സമരക്കാർ പറഞ്ഞു. പാകിസ്താനെ ബോയ്‌കോട്ട് ചെയ്യുക, താലിബാനെ നിർത്തലാക്കുക, അവരുടെ പണത്തിന്റെ സ്രോതസ്സിനെ തടയുക എന്നിങ്ങനെ എഴുതിയ പോസ്റ്ററുകൾ കയ്യിലേന്തിയാണ് പ്രതിഷേധക്കാർ എംബസിയിലെത്തിയത്.
Tags