അയോദ്ധ്യയിൽ നിന്ന് രാമജന്മഭൂമിയിലേക്കുള്ള റോഡിന് അന്തരിച്ച മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിന്റെ പേര് നൽകും. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയാണ് ഇക്കാര്യം അറിയിച്ചത്
August 23, 2021
ലക്‌നൗ: അയോദ്ധ്യയിൽ നിന്ന് രാമജന്മഭൂമിയിലേക്കുള്ള റോഡിന് അന്തരിച്ച മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിന്റെ പേര് നൽകും. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയാണ് ഇക്കാര്യം അറിയിച്ചത്. അയോദ്ധ്യയ്‌ക്ക് പുറമെ ഉത്തർപ്രദേശിലെ പ്രധാനപ്പെട്ട നാല് നഗരങ്ങളിലെ ഓരോ റോഡുകൾക്കും അദ്ദേഹത്തിന്റെ പേര് നൽകുമെന്ന് മൗര്യ അറിയിച്ചു.
ലക്‌നൗ, അലിഗഡ്, പ്രയാഗ്‌രാജ്, ബുലന്ദ്ഷഹർ എന്നീ സ്ഥലങ്ങളിലെ പ്രധാനപ്പെട്ട റോഡുകൾക്കാണ് കല്യാൺ സിങ്ങിന്റെ പേര് നൽകുക. കല്യാൺ സിങ്ങിനോടുള്ള ആദര സൂചകമായാണിത്. ഈ നഗരങ്ങളിലെ ഏത് റോഡുകൾക്കാണ് പേര് നൽകുക എന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്‌ച്ച രാത്രിയാണ് കല്യാൺ സിംഗ് അന്തരിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ലക്‌നൗവിലെ സഞ്ജയ് ഗാന്ധി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഉത്തർപ്രദേശിൽ ഇന്ന് പൊതു അവധിയും മൂന്ന് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിരുന്നു. കൂടാതെ രാജസ്ഥാൻ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
1932 ജനുവരി 5 നാണ് കല്യാൺ സിങ്ങിന്റെ ജനനം. 1967ൽ അത്രോളിയിൽ നിന്നാണ് ആദ്യമായി അദ്ദേഹം നിയമസഭയിലെത്തുന്നത്. ഒൻപത് തവണ എം.എൽ.എയായ കല്യാൺ സിംഗ് ഒരു തവണ എം.പിയുമായി. 1991ലാണ് ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തിയത്. തർക്കമന്ദിരം തകർന്ന സംഭവത്തിൽ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചിരുന്നു. എന്നാൽ 1997ൽ രണ്ടാം തവണ വീണ്ടും മുഖ്യമന്ത്രി കസേരയിലെത്തി. രാമമന്ത്രം നെഞ്ചിലേറ്റിയ ജനനായകനെന്ന വിശേഷണത്തിലാണ് കല്യാൺ സിങ്ങിനെ അറിയപ്പെട്ടിരുന്നത്.
Tags