ട്വന്റി ഫോർ ന്യൂസിലെ അവതാരകൻ അരുൺ കുമാർ ചാനൽ വിട്ടു: ധർമ്മടം വിവാദത്തിനിടെ ശ്രീകണ്ഠൻ നായർക്ക് വിശ്വസ്തനേയും നഷ്ടമായി

തിരുവനന്തപുരം: വാർത്തകൾ പ്രേക്ഷകരിലേക്ക് വേറിട്ട തലത്തിൽ എത്തിച്ച ട്വന്റി ഫോർ ന്യൂസിലെ പ്രധാന അവതാരകൻ അരുൺ കുമാർ ചാനൽ വിട്ടു. കേരളാ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ ജോലിയിലേക്ക് പ്രവേശിക്കാനാണ് അരുൺകുമാർ ചാനലിൽ നിന്ന് പോകുന്നത്. ഒരു വർഷമായി അവധി എടുത്തായിരുന്നു ട്വന്റി ഫോർ ന്യൂസിൽ അരുൺകുമാർ ജോലി ചെയ്തിരുന്നത്. ഈ അവധിക്കാലം തീർന്നതോടെയാണ് ട്വന്റി ഫോർ ന്യൂസിനെ വിടാൻ അരുൺകുമാറിനെ നിർബന്ധിതനാക്കിയത്.

സർവ്വകലാശാലയിലും 24 ന്യൂസ് ചാനലിലും ജോലി എന്നത് നടപ്പില്ലെന്ന് കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചതോടെയാണ് അരുൺകുമാർ ഒരു വർഷം മുമ്പ് ശമ്പളമില്ലാ അവധിയിൽ പ്രവേശിച്ചത്. അരുൺ കുമാറിന് നൽകിയ വിവാദ അനുമതി കേരള യൂണിവേഴ്സിറ്റി കഴിഞ്ഞ വർഷം പിൻവലിച്ചത് വലിയ ചർച്ചയായിരുന്നു. എന്നാൽ വാക്‌ചാതുർഥ്യം കൊണ്ടും , പ്രകടന മികവ് കൊണ്ടും പ്രേക്ഷക ഹൃദയങ്ങളിൽ ഇടംപിടിച്ച വാർത്ത അവതാരകനാണ് അരുൺകുമാർ.


കുറച്ചു ദിവസങ്ങൾക്ക് മുമ്പ് തന്നെ അരുൺകുമാർ യൂണിവേഴ്‌സിറ്റിയിൽ ജോലിയിൽ പ്രവേശിച്ചിരുന്നു. കുട്ടികൾക്ക് ക്ലാസും എടുക്കാൻ തുടങ്ങി. അവധി നീട്ടി കിട്ടാനുള്ള അപേക്ഷ കേരളാ യൂണിവേഴ്‌സിറ്റിക്ക് അരുൺകുമാർ നൽകിയിരുന്നു. എന്നാൽ പ്രൊബേഷൻ കാലത്ത് ഇനിയും അവദി തരാനാകില്ലെന്ന നിലപാട് സിൻഡിക്കേറ്റ് എടുക്കുകയായിരുന്നു. ഇതോടെയാണ് ട്വന്റി ഫോറിലെ അവതാരക കുപ്പായം അരുൺകുമാർ അഴിച്ചു വയ്ക്കുന്നത്. കേരള സർവ്വകലാശാല കാര്യവട്ടം ക്യാംപസിൽ പൊളിറ്റിക്‌സ് അസിസ്റ്റന്റ് പ്രൊഫസറാണ് അരുൺകുമാർ. കഴിഞ്ഞ വർഷമാണ് നിയമനം ലഭിച്ചത്. പാലക്കാട് വിക്ടോറിയാ കോളേജിൽ അദ്ധ്യാപകനായി ജോലി നോക്കവേയാണ് അരുൺകുമാറിന് കേരള സർവ്വകലാശാലയിൽ അസിസ്റ്റന്റ്‌റ് പ്രൊഫസറായി ജോലി ലഭിക്കുന്നത്.
Tags