മലപ്പുറം: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഭഗവാൻ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സിപിഎം പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ശക്തമായ പ്രതിഷേധമുയർന്നതിനെ തുടർന്നാണ് പോലീസ് നടപടി.
തിരൂർ മംഗലം വാളമരുതൂർ സ്വദേശി മാത്തൂർ വളപ്പിൽ യൂസഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാർട്ടൂൺ കഥാപാത്രമായ ഡിങ്കൻ , ശ്രീകൃഷ്ണനെപ്പോലെ മയിൽപ്പീലിയും ഓടക്കുഴലുമായി നിൽക്കുന്ന ചിത്രം ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
‘ശ്രീഡിങ്ക ജയന്തി’ ആശംസകളെന്ന തലക്കെട്ടോടെയായിരുന്നു ചിത്രം നൽകിയത്. പ്രദേശത്തെ സമാധാനന്തരീക്ഷം തകർക്കാനുള്ള ശ്രമം ആണ് ഇയാൾ നടത്തിയതെന്ന് ഹൈന്ദവ സംഘടനകൾ പറഞ്ഞു. സംഭവം ചോദിക്കാനെത്തിയ നാട്ടുകാരോട് തട്ടിക്കയറുകയും ചെയ്തു.
തുടർന്ന് ബിജെപി തവനൂർ മണ്ഡലം വൈസ് പ്രസ്ഡന്റ് ടി പി സുബ്രഹ്‌മണ്യൻ തിരൂർ പോലീസിൽ പരാതി നൽകി. ഇതിനെതുടർന്ന് യൂസഫിനെ അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തിയതിന് കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടത്ത തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്.