ന്യൂഡൽഹി: ജന്മാഷ്ടമി ആശംസകൾ നേർന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഇന്നു രാജ്യമൊട്ടുക്ക് നടക്കുന്ന ജന്മാഷ്ടമി ആഘോഷം ജനമനസ്സുകളിൽ സന്തോഷത്തിന്റേതായ ശ്രീകൃഷ്ണ സന്ദേശം നിറയ്‌ക്കട്ടെ എന്ന് രാഷ്‌ട്രപതിയും പ്രധാന മന്ത്രിയും ആശംസിച്ചു.
‘എല്ലാ ഇന്ത്യൻ പൗരന്മാർക്കും ജന്മാഷ്ടമി ആശംസകൾ. ഈ ആഘോഷം ശ്രീകൃഷ്ണ സന്ദേശം
നമ്മുടെ ജീവിതത്തിൽ പകരാനുള്ള അവസരമാണ്. ആഘോഷം നിറയെ സന്തോഷവും ആരോഗ്യവും ഐശ്വര്യവും നിറയ്‌ക്കട്ടെ.’ രാഷ്‌ട്രപതി ട്വീറ്റ് ചെയ്തു. ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതം ധർമ്മത്തേയും സത്യത്തേയും ഒപ്പം കടമകൾ നിർവ്വഹിക്കേണ്ടതിന്റേയും മഹത്തായ പാഠങ്ങളാണ് നമ്മെ പഠിപ്പിക്കുന്നതെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജ്യമെമ്പാടുമുള്ള ആഘോഷങ്ങൾക്ക് ആശംസകളർപ്പിച്ചു. രാജ്യത്തിന്റെ മഹത്തായ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന ആഘോഷമാണ് ശ്രീകൃഷ്ണ ജയന്തിയെന്ന് നരേന്ദ്രമോദി പറഞ്ഞു. ‘ശ്രീകൃഷ്ണ ഭഗവാൻ നമ്മുടെ ജീവിതത്തിൽ ഉല്ലാസവും സന്തോഷവും നിറയ്‌ക്കുന്നതാണ്. ഭഗവാന്റെ കുട്ടിക്കാലത്തെ കുസൃതികളാണ് ചിലർക്ക് എന്നും പ്രിയങ്കരം. അതേസമയം മറ്റു ചിലർക്ക് ഭഗവാന്റെ ഉപദേശങ്ങളും ചിലർക്ക് ഭഗവാന്റെ യുദ്ധതന്ത്രങ്ങളും പ്രചോദനമാകുന്നു.’ നരേന്ദ്രമോദി ആശംസിച്ചു.