അശാസ്ത്രീയ ലോക്ഡൗൺ പിൻവലിക്കണം; ഹർജികൾ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും
August 02, 2021
അശാസ്ത്രീയ ലോക്ഡൗൺ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഹർജി വെള്ളിയാഴ്ച പരിഗണിക്കാനായി കേരള ഹൈക്കോടതി മാറ്റി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ സംബന്ധിച്ച് സർക്കാർ ബുധനാഴ്ച തീരുമാനമെടുക്കുന്നുണ്ടല്ലോ എന്ന് കോടതി ചൂണ്ടിക്കാണിച്ചു.
സർക്കാറെടുക്കുന്ന തീരുമാനങ്ങൾ അറിഞ്ഞിട്ട് ഹർജി പരിഗണിക്കാമെന്ന് സിംഗിൾ ബഞ്ച് നിലപാടെടുത്തു. അതേ സമയം സർക്കാർ തീരുമാനത്തിൽ അപ്രായോഗിക നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ അറിയിക്കണമെന്ന് ഹർജിക്കാരോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയടക്കമുള്ളവർ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) അടിസ്ഥാനമാക്കിയുള്ള ലോക്ഡൗൺ അശാസ്ത്രീയമാണെന്നാണ് വ്യാപാരികളുടെ വാദം. കടകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തുന്നതിന് പകരം രോഗബാധിതരുടെ വീടുകളും പരിസരവും വേർതിരിച്ച് നിരിക്ഷിക്കണമെന്നുമാണ് ആവശ്യം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ ദിവസവും കടകൾ തുറക്കാൻ അനുമതി നൽകുവാൻ സർക്കാരിനോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. നികുതി, വാടക അടക്കമുള്ള ഇളവുകൾ നൽകാൻ സർക്കാരിന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
Tags