മുംബൈ : കൊറോണ സ്ഥിതിഗതികൾ സാധാരണ നിലയിലായതിന് ശേഷം സംസ്ഥാനത്തെ ക്ഷേത്രങ്ങൾ അടച്ചിടുന്നതിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. ക്ഷേത്രങ്ങൾക്ക് മുൻപിൽ വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. സിദ്ധി വിനായക ക്ഷേത്രത്തിലെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ ബിജെപി നേതാവ് രാം കദമിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
മുംബൈ, പൂനെ, നാഗ്പൂർ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങൾക്ക് മുൻപിലാണ് ശക്തമായ പ്രതിഷേധം നടക്കുന്നത്. കൊറോണ വ്യാപനം കുറഞ്ഞതിന് പിന്നാലെ ബാറുകൾ ഉൾപ്പെടെ തുറക്കാൻ സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ ക്ഷേത്രങ്ങൾ തുറക്കുന്നതിൽ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധവുമായി ബിജെപി രംഗത്ത് വന്നത്.
നൂറ് കണക്കിന് പ്രവർത്തകരാണ് ക്ഷേത്രത്തിന് മുൻപിൽ പ്രതിഷേധവുമായി തടിച്ചു കൂടിയത്. മഹാരാഷ്‌ട്ര ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്തു. സംസ്ഥാന സർക്കാരിനെ കടുത്ത ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്.
നേരത്തെ ക്ഷേത്രങ്ങൾ തുറക്കാത്തതിനെതിരെ അണ്ണാ ഹസാരെ രംഗത്ത് വന്നിരുന്നു. ക്ഷേത്രങ്ങളിലെ തിരക്ക് കൊറോണ വ്യാപനത്തിന് കാരണമാകുമെന്നാണ് സർക്കാർ വാദം. ഇതിനെതിരെ ബാറുകൾക്ക് മുൻപിലെ നീണ്ട നിര ചൂണ്ടിക്കാട്ടിയായിരുന്നു അണ്ണ ഹസാരെയുടെ വിമർശനം.