തിരുവനന്തപുരം : സിക്ക വൈറസ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ പരിശോധന നടത്തും. വൈറസ് ബാധ സ്ഥിരീകരിച്ച സ്ഥലങ്ങളിലാകും കേന്ദ്ര സംഘം പരിശോധന നടത്തുക. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാകും സന്ദർശനം. കൊതുകുനിവാരണം, ബോധവത്ക്കരണം എന്നിവയ്ക്ക് പുറമെ ലാബ് സംവിധാനം കൂട്ടുന്നതടക്കമുള്ള നടപടികൾ സർക്കാർ തുടങ്ങിയിരുന്നു.
അതേസമയം സിക്ക റിപ്പോർട്ട് ചെയ്തതിനേത്തുടർന്ന് കേരളത്തിൽ നിന്ന് പോകുന്നവർക്ക് തമിഴ്‌നാട് അതിർത്തിയിൽ നിയന്ത്രണം കടുപ്പിക്കുന്നു. ഇ പാസ് ഇല്ലാത്തവരെ പാറശാല അതിർത്തി കടത്തിവിടില്ല. നന്ദൻകോട് സ്വദേശിയായ 40 കാരന് സിക സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 15 ആയി ഉയർന്നിരുന്നു.
പനി, തലവേദന, ശരീരത്തിൽ തടിപ്പ്, ചൊറിച്ചിൽ, സന്ധിവേദന, പേശിവേദന എന്നിവയാണ് സിക്ക രോഗത്തിന്റെ ലക്ഷണങ്ങൾ. ഇവയുള്ളവർ പരിശോധനക്ക് തയ്യാറാകണമെന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശം. ലക്ഷണങ്ങൾ വേഗം ഭേദമാകും. എങ്കിലും 3 മാസം വരെ വൈറസിന്റെ സ്വാധീനം നിലനിൽക്കും. ഗർഭം ധരിക്കാൻ തയാറെടുക്കുന്നവരും പങ്കാളികളും ഇക്കാര്യം പരിഗണിച്ച് മുൻകരുതലെടുക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു