അത്യധികം കരുതൽ വേണ്ട ഒന്നാണ് സിക്ക വൈറസ് വ്യാപനം. പ്രാദേശിക തലത്തിലാണ് സിക്കയുടെ നിലവിലെ വ്യാപനം. എന്നാൽ ഇത് വർദ്ധിക്കാം. വൈറസ് വ്യാപനം രൂക്ഷമായാൽ അത് കേരളത്തിലെ നിലവിലെ സാഹചര്യം സങ്കീർണമാക്കും. സംസ്ഥാനത്ത് കൊറോണ വ്യാപനം അയവില്ലാതെ തുടരുകയാണ്. ഈ സാഹചര്യത്തിൽ സിക്ക വൈറസ് വ്യാപിക്കുന്നത് ആശങ്ക ഇരട്ടിയാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക തലത്തിലാണ് രോഗവ്യാപനം എങ്കിലും സൂക്ഷ്മ നിരീക്ഷണം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിലവിൽ കേരളത്തിൽ 28 പേർക്കാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ അനുമാനം.
ഈഡിസ് ഈജിപ്തി കൊതുകിൽ നിന്നാണ് സിക്ക ബാധിക്കുക. പനി, ചുവന്ന പാടുകൾ, പേശി വേദന, സന്ധി വേദന, തലവേദന തുടങ്ങിയവയാണ് രോഗത്തിന്റെ പ്രധാനലക്ഷണം. ഗർഭിണികളും ഗർഭിണിയാകാൻ തയ്യാറെടുക്കുന്നവരും സിക്ക വൈറസിനെതിരെ പ്രത്യേക കരുതൽ എടുക്കേണ്ടതാണ്. ഗർഭാവസ്ഥയിലെ ആദ്യ മാസങ്ങളിൽ സിക്ക വൈറസ് ബാധിച്ചാൽ ഗർഭസ്ഥ ശിശുവിന് തലച്ചോറിനെ ബാധിക്കുന്ന മൈക്രോസെഫാലി എന്ന ജന്മനായുള്ള വൈകല്യം ഉണ്ടാകാൻ സാധ്യതയുണ്ട്. ലൈംഗിക ബന്ധത്തിലൂടെയും സിക്ക വൈറസ് പകരാം.