കൊവിഡ് സാഹചര്യം ആശങ്കയിൽ; ടിപിആർ കുറയ്ക്കാൻ നടപടിയെന്ന് ആരോഗ്യമന്ത്രി
July 29, 2021
തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ പരിശോധനകളുടെ എണ്ണം കൂട്ടുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കൊറോണ പ്രതിദിന രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് പ്രതീക്ഷിച്ചിരുന്നതാണെന്നും വീണാ ജോർജ് പറഞ്ഞു.
രോഗ വ്യാപനതോത് ഉയരുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കും. പരമാവധി പോസിറ്റീവ് കേസുകൾ കണ്ടെത്തുക ലക്ഷ്യമിട്ടാണ് ഇത്. ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ വരുന്ന മൂന്ന് ആഴ്ച ഏറെ നിർണായകമാണെന്നും മന്ത്രി പറഞ്ഞു.
കൊറോണയുടെ മൂന്നാം തരംഗം കേരളത്തിൽ ആരംഭിച്ചിട്ടില്ല. ഡെൽറ്റാ വകഭേദമാണ് രോഗവ്യാപനത്തിന് കാരണം. ആരോഗ്യവകുപ്പ് പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നുണ്ട്. ദേശീയ ശരാശരിയേക്കാൾ കുറവായിരുന്നു കേരളത്തിലെ കൊറോണ നിരക്കെന്നും വീണാ ജോർജ് വ്യക്തമാക്കി.
വാക്‌സിനേഷന്റെ കാര്യത്തിൽ കേരളം ഒന്നാമതാണ്. കൊറോണ സാഹചര്യങ്ങൾ വിലയിരുത്താൻ കേന്ദ്രമയച്ച സംഘം വെള്ളിയാഴ്ച വൈകീട്ടോടെ സംസ്ഥാനത്ത് എത്തും. വിവിധ ജില്ലകളിൽ സന്ദർശനം നടത്തുമെന്നും മന്ത്രി അറിയിച്ചു.
Tags