വെല്ലുവിളി ഏറ്റെടുക്കുന്നതായി പുഷ്‌കർ സിംഗ് ധാമി; ഗവർണറെ കണ്ടു Uttarakhand New Cm


ഡെറാഡൂൺ: പാർട്ടി ഏൽപിച്ച വെല്ലുവിളി താൻ ഏറ്റെടുക്കുകയാണെന്ന് നിയുക്ത ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെല്ലുവിളി ഏറ്റെടുക്കുകയാണ്. മുൻഗാമികൾ തുടങ്ങിവെച്ച പ്രവർത്തനങ്ങൾ മുൻപോട്ടു കൊണ്ടുപോകും. സംസ്ഥാനത്തെ ഉൾപ്രദേശങ്ങളിലുളളവരിലേക്ക് പോലും സർക്കാരിന്റെ സേവനം എത്തിക്കുകയാണ് തന്റെ പ്രഥമ പരിഗണനയെന്നും പുഷ്‌കർ സിംഗ് ധാമി പറഞ്ഞു.

സ്വന്തം അമ്മയെപ്പോലെയാണ് എനിക്ക് ബിജെപി. എന്നും എന്നെ ചിറകിനടിയിൽ സംരക്ഷിക്കുകയായിരുന്നു. പാർട്ടി നൽകിയ ഈ അവസരം ഭാഗ്യമായി കരുതുന്നു. മന്ത്രിസഭയിലെ മാറ്റങ്ങൾ പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കും. എല്ലാവരുടെയും പിന്തുണയിൽ പാർട്ടിയെ മുൻപോട്ടു കൊണ്ടുപോകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അദ്ദേഹം രാജ്ഭവനിലെത്തി ഗവർണർ ബേബി റാണി മൗര്യയെ കണ്ട് പിന്തുണ ഉറപ്പിക്കുന്ന കത്ത് ഉൾപ്പെടെ കൈമാറി. മൂന്ന് മണിക്ക് ചേർന്ന പാർട്ടി നിയമസഭാ കക്ഷി യോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്. ഇന്നലെ തിരാത് സിംഗ് റാവത്ത് രാജിവെച്ചതിനെ തുടർന്നാണ് പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തേണ്ടി വന്നത്.

ഖാട്ടിമ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ നിയമസഭാംഗമായ നേതാവാണ് പുഷ്‌കർ സിംഗ്. യുവനേതാവ് കൂടിയായതിനാൽ പുഷ്‌കർ സിംഗ് ധാമിക്ക് മികച്ച പ്രവർത്തനം നടത്താനാകുമെന്നാണ് വിലയിരുത്തൽ
Tags