പത്തനംതിട്ട | ശബരിമല മണ്ഡലകാല തീര്‍ഥാടനം ആരംഭിക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍ദേശിച്ചു. ശബരിമല തീര്‍ഥാടനത്തിന് മുന്നോടിയായി മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ള റോഡുകളുടെ നവീകരണത്തിനുള്ള വിശദമായ പ്രോജക്‌ട് റിപ്പോര്‍ട്ട് ഉടന്‍ തയാറാക്കി പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം. ശബരിമലയുമായി ബന്ധപ്പെട്ട റോഡ് നവീകരണ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അതത് എം എല്‍ എമാരുടെ നേതൃത്വത്തില്‍ പ്രത്യേക യോഗങ്ങള്‍ ചേരണം.243.82 കോടി രൂപ പ്രൊപ്പോസല്‍ വരുന്ന ശബരിമലയിലേക്കുള്ള 189 ലീഡിംഗ് റോഡുകളുടെ പദ്ധതി നിര്‍ദേശം എം എല്‍ എമാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ റോഡുകളുടെ നിര്‍മാണം മുന്‍ഗണനാ ക്രമം അനുസരിച്ച് ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കും. സുഗമമായ തീര്‍ഥാടനത്തിന് ട്രാഫിക്ക് സുരക്ഷ വളരെ പ്രധാനമാണെന്നും അതിനുവേണ്ട നടപടികള്‍ ചെയ്യണമെന്നും മന്ത്രി നിര്‍ദേശിച്ചു.