രണ്ടാം മോദി സർക്കാരിന്റെ പുനസംഘടന ഇന്ന് നടക്കാനിരിക്കെ എട്ട് കേന്ദ്രമന്ത്രിമാർ രാജിവെച്ചു. Union Minister

ന്യൂഡൽഹി : രണ്ടാം മോദി സർക്കാരിന്റെ പുനസംഘടന ഇന്ന് നടക്കാനിരിക്കെ എട്ട് കേന്ദ്രമന്ത്രിമാർ രാജിവെച്ചു. ആരോഗ്യമന്ത്രി ഹർഷവർധൻ, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാൽ, തൊഴിൽ മന്ത്രി സന്തോഷ് ഗംഗ്വാർ, സഞ്ജയ് ധോത്രെ, ദേബശ്രീ ചൗധരി, ഡി.വി. സദാനന്ദ ഗൗഡ, റാവുസാഹേബ്, ദാൻവേ പട്ടേൽ എന്നിവരാണ് രാജിവെച്ചത്. ഇന്ന് വൈകീട്ടോടെ 43 പേർ പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് വിവരം. ആറ് മണിയ്ക്കാണ് സത്യപ്രതിജ്ഞ.

മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് കേന്ദ്ര നേതാക്കളുടെ ചർച്ചകൾ പുരോഗമിക്കുകയാണ്. പുനസംഘടനയിൽ 28 പുതുമുഖങ്ങൾ ഇടം പിടിച്ചേക്കുമെന്നും 13 വനിതളെങ്കിലും മന്ത്രിമാരായി അധികാരമേൽക്കുമെന്നുമുള്ള വിവരങ്ങൾ ലഭിക്കുന്നുണ്ട്. ഇന്ത്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും ചെറുപ്പമേറിയ മന്ത്രിസഭയായി പുനസംഘടനയ്ക്ക് ശേഷം രണ്ടാം മോദി സർക്കാർ മാറും എന്നുള്ള സൂചനയും ലഭിക്കുന്നുണ്ട്.

ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രമേശ് പൊഖ്റിയാലും സന്തോഷ് ഗംഗ്വാറും രാജിക്കത്ത് സമർപ്പിച്ചത്. അതേസമയം സഹമന്ത്രിമാരായിട്ടുള്ള അനുരാഗ് താക്കൂർ, ജി കിഷൻ റെഡ്ഡി, പുരുഷോത്തം രുപാല എന്നിവരെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരായും നിയമിച്ചേക്കും എന്നാണ് വിവരം. സർബാനന്ദ സോനോവാൾ, രാജീവ് ചന്ദ്രശേഖർ, ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ, ഭൂപേന്ദ്ര യാദവ്, മീനാക്ഷി ലേഖി, ശോഭ കരന്തലാജെ, തുടങ്ങിയവർ പുതുതായി മോദി മന്ത്രിസഭയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്


Tags