കർക്കിടക മാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്‌ക്കും; ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ദേവസ്വം ബോർഡ് ഒരുക്കിയില്ലെന്ന് ആരോപണം sabarimala

സന്നിധാനം: കർക്കിടക മാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് വൈകിട്ട് അടയ്ക്കും. അതേസമയം അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമൊരുക്കാതെയാണ് ദേവസ്വം ബോർഡ് തീർത്ഥാടകർക്ക് പ്രവേശനം അനുവദിച്ചതെന്ന പരാതികൾ പല ഭാഗങ്ങളിൽ നിന്നും ഉയർന്നു. വരുമാനം മാത്രം ലക്ഷ്യമിട്ടുള്ള ബോർഡിന്റെ നടപടികൾ പ്രതിഷേധാർഹമെന്ന് തീർത്ഥാടകർ ഉൾപ്പെടെ കുറ്റപ്പെടുത്തി.

തീർത്ഥാടകർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കാതെയാണ് കർക്കിടക മാസ തീർത്ഥാടനം ആരംഭിച്ചത്. ആദ്യ 2 ദിവസം 5000 തീർഥാടകർക്കും പിന്നീട് 10000 തീർഥാടകർക്കും പ്രതിദിനം പ്രവേശനം അനുവദിച്ചു. എന്നാൽ എല്ലാ ദിവസവും 5000ൽ താഴെ ആളുകൾ മാത്രമേ ദർശനത്തിനെത്തിയുള്ളൂ. ദേവസ്വം ബോർഡിന്റെ നടപടിക്കെതിരെ വിവിധ ഭാഗങ്ങളിൽ നിന്ന് പരാതികൾ ഉയർന്നിരുന്നു. മല കയറുന്നവർക്ക് കുടിവെള്ള ലഭ്യതയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമൊരുക്കാതെ വരുമാനം മാത്രം ലക്ഷ്യമിട്ടുള്ളതാണ് ബോർഡിന്റെ നടപടിയെന്ന് ഭക്തർ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നു.


കച്ചവടക്കാർ ഇല്ലാത്തതിനാൽ മല കയറുന്നതിനിടയ്ക്ക് വെള്ളത്തിനും ഭക്ഷണത്തിനുമായി വലഞ്ഞ തീർത്ഥാടകർക്ക് അതിന് വേണ്ട സൗകര്യങ്ങളും ദേവസ്വം ബോർഡ് ഒരുക്കിയിരുന്നില്ല. പരമ്പരാഗത കാനന പാത വഴിയുള്ള യാത്രാ വിലക്കും പമ്പാ സ്നാനവും ഉൾപ്പെടെയുള്ള ആചാരങ്ങൾ ചെയ്യാൻ സാധിക്കാത്തതും തീർഥാടകരെ ബുദ്ധിമുട്ടിലാക്കി. കെഎസ്ആർടിസിയുടെ അമിത ബസ് ചാർജ് കൂടി ആയപ്പോൾ ശബരിമല ദർശനം ഭക്തർക്ക് ശരിക്കും കഠിനം തന്നെയായി.
Tags