ആയുർവേദ ആചാര്യൻ പി കെ വാര്യരുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും അനുശോചനം അറിയിച്ചിട്ടുണ്ട്.Pk

ന്യൂഡൽഹി : ആയുർവേദ ആചാര്യൻ പി കെ വാര്യരുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും അനുശോചനം അറിയിച്ചിട്ടുണ്ട്.
ഡോ, പി കെ വാര്യരുടെ വിയോഗം അതീവ ദു:ഖമുളവാക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആയുർവേദം ജനപ്രിയമാക്കുന്നതിനായി അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും ഓർമ്മിക്കപ്പെടും. പി കെ വാര്യരുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

വിശ്വഭൂപടത്തിൽ ആയുർവേദത്തിലൂടെ കേരളത്തെ അടയാളപ്പെടുത്തിയ വൈദ്യകുലപതിയായിരുന്നു ഡോ. പി.കെ വാര്യരെന്ന് വി മുരളീധരൻ അനുസ്മരിച്ചു. ചികിത്സാ രീതിയോടൊപ്പം ജീവിതചര്യ കൂടിയാണ് ആയുർവേദമെന്ന് പഠിപ്പിച്ച മഹാവൈദ്യനായിരുന്നു അദ്ദേഹം. ആയുർവേദത്തെ ജനകീയമാക്കിയതിനൊപ്പം കോട്ടക്കൽ ആര്യവൈദ്യശാലയെ ലോകോത്തര നിലവാരമുള്ള മികവിൻറെ കേന്ദ്രമാക്കിയത് അദ്ദേഹത്തിൻറെ കർമ്മകുശലതയാണ്. ആതുരശുശ്രൂഷയെന്നത് കച്ചവട ലക്ഷ്യങ്ങളോടെ ആവരുതെന്നും സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയാകണമെന്നും അദ്ദേഹം തെളിയിച്ചു.

കാലാനുസൃത മാറ്റങ്ങൾക്ക് അനുസരിച്ച് കോട്ടക്കൽ ആര്യവൈദ്യശാലയെയും ആയുർവേദ ചികിത്സാ രീതികളെയും നവീകരിക്കുന്നതിൽ അദ്ദേഹം സമാനതകളില്ലാത്ത പ്രവർത്തനം കാഴ്ചവെച്ചു. ആയുർവേദ ചികിത്സാ രംഗത്തെ സംഭാവനകൾ പരിഗണിച്ച് പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി രാജ്യം ആദരിച്ച ഡോ. പി.കെ വാര്യരുടെ വിയോഗം ആയുർവേദ ചികിത്സാ രംഗത്തിനും കേരളത്തിലെ വൈദ്യശാസ്ത്ര രംഗത്തിനും തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും കോട്ടക്കൽ ആര്യവൈദ്യശാല ജീവനക്കാരുടെയും ദു:ഖത്തിൽ പങ്ക് ചേരുന്നതായും മുരളീധരൻ പറഞ്ഞു.
Tags