ഇന്ന് രാവിലെ ചേർന്ന നേതൃയോഗമാണ് വിഷയം ചർച്ച ചെയ്തത്. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. രാജിവെയ്‌ക്കാൻ നിർദ്ദേശിക്കേണ്ടതില്ലെന്ന നിലപാട് മുഖ്യമന്ത്രി യോഗത്തിൽ അറിയിക്കുകയായിരുന്നു. സിപിഎം ആക്ടിങ്ങ് സെക്രട്ടറി വിജയരാഘവൻ, കോടിയേരി ബാലകൃഷ്ണൻ, എസ് രാമചന്ദ്രൻ പിള്ള തുടങ്ങിയവരും മുഖ്യമന്ത്രിയുടെ തീരുമാനത്തോട് യോജിച്ചു.
മന്ത്രിയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചു എന്നാൽ മുഖ്യമന്ത്രി മന്ത്രിയ്‌ക്കൊപ്പമാണ് നിലനിന്നതെന്ന് പരാതിക്കാരി പ്രതികരിച്ചു. ശശീന്ദ്രനെതിരെ നിയമനടപടി ആലോചിക്കുന്നുണ്ട്. കേരളത്തിൽ സ്ത്രീകൾക്ക് സുരക്ഷ ലഭിക്കില്ലന്ന സന്ദേശമാണ് മന്ത്രി ശശീന്ദ്രൻ രാജി വെക്കേണ്ടതില്ലന്ന നിലപാടിലൂടെ ജനങ്ങൾക്ക് ലഭിക്കുന്നത്. മന്ത്രിയുടെ മകൾക്കാണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ ഇങ്ങനെ ചെയ്യുമോയെന്നും കുണ്ടറ പീഡനശ്രമക്കേസിലെ പരാതിക്കാരി ചോദിച്ചു.
എൻസിപി നേതാവ് പത്മാകരൻ ഹോട്ടലിലേയ്‌ക്ക് വിളിച്ച് വരുത്തി കയ്യിൽ കയറി പിടിച്ചു എന്നാണ് ബിജെപി പ്രവർത്തക കൂടിയായ യുവതി നൽകിയ പരാതി. എന്നാൽ ഇതിൽ ഇടപെട്ട മന്ത്രി സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിന്റെ ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു. എന്നാൽ പീഡന പരാതിയാണെന്ന് അറിയാതെയാണ് താൻ ഇടപെട്ടത് എന്നാണ് വനംവകുപ്പ് മന്ത്രിയുടെ വിശദീകരണം.