പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ടെങ്കില്‍ നിയമപരമായ നടപടി വേണം. അതില്‍ എന്‍ സി പിയോ ഇടതുപക്ഷമോ ഇടപെടില്ല. പാര്‍ട്ടിയിലെ അഭിപ്രായവ്യത്യാസം പരിഹരിക്കാനാണ് ശശീന്ദ്രന്‍ വിളിച്ചത്. കേസ് ഒത്തുതീര്‍ക്കണമെന്ന് ശശീന്ദ്രന്‍ പറഞ്ഞിട്ടില്ല. ശശീന്ദ്രന്‍ ഇടപെട്ടാല്‍ പ്രശ്‌നം തീരുമെന്ന് പ്രാദേശിക നേതാക്കള്‍ പറഞ്ഞതുകൊണ്ടാണ് വിളിച്ചതെന്നും പി സി ചാക്കോ പറഞ്ഞു.
കേസ് എന്നൊരു വാക്ക് ശശീന്ദ്രന്‍ പറഞ്ഞിട്ടില്ല. ഇത് വലിയ വിഷയമാക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടാകും. കേരളത്തിലെ ഒരു മുന്‍മുഖ്യമന്ത്രിക്കെതിരെ ഒന്നിലേറെ സ്‌ത്രീകള്‍ നിലപാട് എടുത്തിരുന്നു. എന്നുകരുതി അദ്ദേഹം രാജിവച്ചിട്ടില്ല. പീഡന പരാതി വ്യാജമെന്ന് വ്യാഖ്യാനിക്കാം. പെണ്‍കുട്ടിയുടെ പരാതിയില്‍ പാര്‍ട്ടി ഇടപെടില്ലെന്നും ചാക്കോ പറഞ്ഞു.
ശശീന്ദ്രന്‍റെ രാജി പാര്‍ട്ടി ആവശ്യപ്പെടില്ല. വസ്‌തുത അറിയാതെയാണ് പ്രതിപക്ഷ നേതാവ് ശശീന്ദ്രന്‍റെ രാജി ആവശ്യപ്പെട്ടത്. ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ ആരും രാജിവയ്‌ക്കില്ല. ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ മാത്രമേ രാജിവയ്‌ക്കൂവെന്നും പി സി ചാക്കോ കൂട്ടിച്ചേര്‍ത്തു.
അതേസമയം, മന്ത്രി എ കെ ശശീന്ദ്രന്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തുകയാണ്. വിഷയത്തില്‍ മന്ത്രി വിശദീകരണം നല്‍കും. കൂടിക്കാഴ്‌ചയില്‍ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും.