മലപ്പുറം രാമപുരത്തെ വയോധികയുടെ ദുരൂഹ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. ശ്വാസം മുട്ടിച്ചാണ് കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി.
കോഴിക്കോട് പാലക്കാട് ദേശീയപാതയോരത്തെ രാമപുരം ബ്ലോക്ക് ഓഫിസിന് സമീപത്തെ വീട്ടിലാണ് 71 വയസുള്ള ആയിഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ നിന്ന് രക്തം വാർന്ന നിലയിൽ വീട്ടിലെ ശുചിമുറിയിലായിരുന്നു മൃതദേഹം. പകൽ സമയത്ത് വീട്ടിൽ ഒറ്റക്ക് കഴിയുന്ന ആയിഷ രാത്രി കിടക്കാനായി സമീപത്തെ മകന്റെ വീട്ടിൽ പോകുന്നതാണ് പതിവ്. ഇന്നലെ രാത്രി ആയിഷയെ കൊണ്ട് പോകാനായി ബന്ധുക്കൾ എത്തിയപ്പോഴാണ് ആയിഷയുടെ മരണം അറിയുന്നത്. ആയിഷ അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. ദുരൂഹത തോന്നിയ ബന്ധുക്കൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. അടിയേറ്റുണ്ടായ മുറിവാണോ ആയിഷയുടെ ശരീരത്തിൽ ഉണ്ടായിരുന്നതന്നും പൊലീസ് സംശയിക്കുന്നുണ്ട്. പെരിന്തൽമണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറൻസിക് വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.