ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്‌സി പിന്‍വലിക്കണം; ആവശ്യവുമായി മുന്‍ വിക്കറ്റ് കീപ്പര്‍ msdhoni

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന് മൂന്ന് ഐസിസി കിരീടങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റനാണ് ധോണി. ഇതില്‍ രണ്ട് ലോകകപ്പുകളും ഒരു ഐസിസി ചാംപ്യന്‍സ് ട്രോഫിയും ഉള്‍പ്പെടും. അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് നാളേറയായി. എന്നാല്‍ ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്‌സിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ല. സാധാരണ ഗതിയില്‍ ഇതിഹാസ താരങ്ങളുടെ ജേഴ്‌സി പിന്‍വലിക്കാറുണ്ട്. സച്ചിന്റെ 10-ാം നമ്പര്‍ ജേഴ്‌സി പിന്‍വലിച്ചിരുന്നു.

അതുപോലെ ധോണിയുടെ ജേഴ്‌സിയും പിന്‍വലിക്കണമെന്നാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സബാ കരീം പറയുന്നത്. ''ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഏഴാം നമ്പര്‍ ജഴ്സി പിന്‍വലിക്കണം. അത് ധോണിയോട് കാണിക്കേണ്ട ആദരവാണ്. ധോണിയുടേത് മാത്രമല്ല, ഇതിഹാസ താരങ്ങളുടെ ജേഴ്‌സി നമ്പറുകളെല്ലാം പിന്‍വലിക്കണം. ഇതിലൂടെ ഇന്ത്യക്കായി വലിയ സംഭാവനകള്‍ ചെയ്ത ക്രിക്കറ്റ് താരങ്ങളെ തിരിച്ചറിയാന്‍ കഴിയും. അവരെ ബഹുമാനിക്കുക കൂടിയാണ് ഇതിലൂടെ ചെയ്യുന്നത്.

നിലവില്‍ ഐപിഎല്‍ മാത്രമാണ് ധോണി കളിക്കുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടിയുള്ള സേവനം തുടരുമെന്നാണ്ഞാന്‍ കരുതുന്നത്. സംസ്ഥാന തലത്തില്‍ യുവതാരങ്ങളെ നിരീക്ഷിക്കാനും കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും ധോനിക്ക് കഴിഞ്ഞാല്‍ ഭാവി ഇന്ത്യന്‍ ടീമിന് ഏറെ ഗുണകരമായിരിക്കും.'' കരീം വ്യക്തമാക്കി.

ഐപിഎല്ലില്‍  ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനാണ് അദ്ദേഹം. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് 40-ാം പിറന്നാള്‍ ആഘോഷിച്ച ധോണി അടുത്ത ഐപിഎല്‍ സീസണില്‍ തുടരുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.
Tags