കേന്ദ്ര മന്ത്രിസഭ ; വകുപ്പുകൾ പ്രഖ്യാപിച്ചു ; അമിത് ഷാ സഹകരണം; മൻസൂഖ് മാണ്ഡവ്യ ആരോഗ്യം ; അനുരാഗ് ഠാക്കൂർ വാർത്താവിതരണം Modi 2.0

ന്യൂഡൽഹി : കേന്ദ്രമന്ത്രിസഭയിലെ പുതിയ അംഗങ്ങളുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. മന്ത്രിമാരായി തുടരുന്നവരുടെ ചുമതലകളിലും മാറ്റം വരുത്തിയിട്ടുണ്ട്. പുതുതായി പ്രഖ്യാപിച്ച സഹകരണ വകുപ്പിന്റെ ചുമതല ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കാണ്. ആരോഗ്യവകുപ്പ് മൻസൂഖ് മാണ്ഡവ്യക്ക് നൽകി. അനുരാഗ് ഠാക്കൂറാണ് പുതിയ വാർത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി.

 
വിദ്യാഭ്യാസ വകുപ്പ് ധർമ്മേന്ദ്ര പ്രധാൻ കൈകാര്യം ചെയ്യും. നിതിൻ ഗഡ്കരി, നിർമ്മല സീതാരാമൻ , രാജ് നാഥ് സിംഗ്, എസ്. ജയശങ്കർ തുടങ്ങിയവരുടെ വകുപ്പുകളിൽ മാറ്റമില്ല. നേരത്തെ ധർമ്മേന്ദ്ര പ്രധാൻ കൈകാര്യം ചെയ്തിരുന്ന പെട്രോളിയം വകുപ്പ് ഹർദീപ്സിംഗ് പുരിക്ക് നൽകി. ജ്യോതിരാദിത്യ സിന്ധ്യ വ്യോമയാന മന്ത്രാലയം കൈകാര്യം ചെയ്യും.

റെയിൽ വകുപ്പ് അശ്വനി വൈഷ്ണവിന് നൽകി. വിവര സാങ്കേതിക വകുപ്പിന്റെ അധിക ചുമതലയും അദ്ദേഹത്തിനു നൽകിയിട്ടുണ്ട്. പിയൂഷ് ഗോയലിന് വ്യവസായ വകുപ്പും ടെക്സ്റ്റൈൽ വകുപ്പുമാണ് നൽകിയത്. ഭക്ഷ്യ വകുപ്പും ഗോയൽ കൈകാര്യം ചെയ്യും. അസം മുൻ മുഖ്യമന്ത്രി സർബാനന്ദ സോനാവാളാണ് ജലഗതാഗതവും തുറമുഖ വകുപ്പും കൈകാര്യം ചെയ്യുക. ആയുഷ് വകുപ്പും സോനോവാളിനു നൽകിയിട്ടുണ്ട്.

മന്ത്രി വി. മുരളീധരന്റെ വകുപ്പുകളിൽ മാറ്റമില്ല. വിദേശകാര്യ സഹമന്ത്രിയായി മീനാക്ഷി ലേഖിയേയും ഉൾപ്പെടുത്തിയിട്ടുണ്ട്. രാജീവ് ചന്ദ്രശേഖർ നൈപുണ്യ വികസനത്തിന്റെയും വിവരസാങ്കേതിക വിദ്യയുടേയും സഹമന്ത്രിയാകും.
Tags