രണ്ടാം നരേന്ദ്രമോദി മന്ത്രിസഭ പുനഃസംഘടന മറ്റന്നാൾ. 20ൽ അധികം പുതുമുഖങ്ങൾക്ക് മന്ത്രിസഭയിൽ ഇടം ലഭിക്കും എന്നാണ് വിവരം. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബംഗാൾ സംസ്ഥാനങ്ങൾക്ക് പ്രാധാന്യം നൽകിയാകും മന്ത്രിസഭാ വികസനം.
രണ്ടാം കൊവിഡ് തരംഗം നരേന്ദ്ര മോദി സർക്കാരിന്റെ പ്രതിഛായയ്ക്ക് എൽപ്പിച്ച പരുക്ക് ചെറുതല്ല. സ്വയം വിമർശനത്തോടെ ഇത് ഉൾക്കൊള്ളുന്നതാകും പുനഃസംഘടന. ഒപ്പം വരുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളെയും മുന്നിൽ കണ്ടാകും തീരുമാനം. പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്ത ചില മന്ത്രിമാർ പാർട്ടി ചുമതലകളിലേയ്ക്ക് മാറും. കേന്ദ്ര മന്ത്രിസഭയിൽ നിന്ന് താവർ ചന്ദ്ഗഹ്ലോട്ടിനെ കർണാടകയിലേയ്ക്ക് മാറ്റിയതിലൂടെ നരേന്ദ്രമോദി നൽകുന്നത് ഈ സന്ദേശം തന്നെ.
ആരോഗ്യമന്ത്രി ഹർഷ വർധൻ അടക്കമുള്ളവരുടെ പ്രകടനത്തിൽ പ്രധാനമന്ത്രി അത്യപ്തനാണെന്നാണ് വിവരം. മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്നോടിയായി ഡൽഹിയിലില്ലാത്ത പതിനൻതോളം എം.പിമാരോട് ഡൽഹിയിൽ എത്താൻ നിർദേശിച്ചിട്ടുണ്ട്. സർബാനന്ദ സോനോബൾ, ജ്യോതിരാധിത്യ സിന്ധ്യ, സുശിൽ കുമാർ മോദി, നാരായൺ റാണെ, പശുപതി പരസ്, അനുപ്രിയ പട്ടേൽ, ശാന്തനു ഠാക്കൂർ, വരുൺ ഗാന്ധി തുടങ്ങിയവർ നാളെ രാവിലെ ഡൽഹിയിൽ എത്തും. ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തുന്ന ഇവർ മന്ത്രിസഭയുടെ ഭാഗമായി സത്യവാചകം ചൊല്ലും എന്നാണ് വിവരം. കേരളത്തിൽ നിന്നുള്ള വി.മുരളിധരൻ അടക്കം എതാനും മന്ത്രിമാരെ സ്വതന്ത്ര ചുമതലയിലെക്ക് ഉയർത്തുന്നതും മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി പരിഗണിയ്ക്കുന്നു എന്നാണ് വിവരം.