ന്യൂഡൽഹി: കേരള നിയമസഭയിലെ കയ്യാങ്കളിക്കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. പൊതുജനങ്ങളുടെ മുതൽ നശിപ്പിച്ച എംഎൽഎമാർ വിചാരണ നേരിടണമെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
2015 ലെ ബജറ്റ് അവതരണവേളയിൽ അന്നു പ്രതിപക്ഷത്തായിരുന്ന ഇടത് എംഎൽഎമാർ നടത്തിയ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കാനാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. എംഎൽഎമാർക്ക് എന്തു പരിരക്ഷയാണു നൽകേണ്ടതെന്നു കോടതി ചോദിച്ചു. ധനമന്ത്രി കെ.എം. മാണി അഴിമതിക്കാരനായിരുന്നതിനാലാണ് അവർ പ്രതിഷേധിച്ചത് എന്നായിരുന്നു സർക്കാരിന്റെ ന്യായീകരണം.
എംഎൽഎമാരുടെ അതിക്രമം ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. നിയമസഭയെ സംബന്ധിച്ചു പരമപ്രധാനമായ ബജറ്റ് നടപടികളാണു തടസ്സപ്പെടുത്തിയത്. അക്രമത്തിലൂടെ എംഎൽഎമാർ എന്തു സന്ദേശമാണു സമൂഹത്തിന് നൽകിയതെന്നും ചോദിച്ചു.
മന്ത്രി അഴിമതിക്കാരനായിരുന്നതിലാണ് പ്രതിഷേധിച്ചതെന്നായിരുന്നു സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്ജിത്കുമാറിന്റെ മറുപടി. അനിഷ്ട സംഭവങ്ങളുടെ പേരിൽ നിയമസഭ തന്നെ എംഎൽഎമാരെ ശിക്ഷിച്ചിട്ടുണ്ടെന്നും അതിനാൽ ക്രിമിനൽ നടപടിച്ചട്ടപ്രകാരമുള്ള കേസ് ആവശ്യമില്ലെന്നും പറഞ്ഞു. ഇതിനോടു കോടതി ശക്തമായി വിയോജിച്ചു. ഒരു പബ്ലിക് പ്രോസിക്യൂട്ടർക്കു മാത്രമാണ് കേസ് പിൻവലിക്കാനുള്ള അധികാരമുള്ളത്. സംസ്ഥാന സർക്കാരിന് ഈ അധികാരമില്ലെന്നിരിക്കെ എന്തിനു വേണ്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നു ജസ്റ്റിസ് ചന്ദ്രചൂഡ് ആരാഞ്ഞു.