‘കേരളത്തില്‍ ഒരു പുതിയ പരീക്ഷണം രാജീവ് ചന്ദ്രശേഖറിലൂടെ പ്രധാനമന്ത്രി നടത്തുകയാണ്’; മേജർ രവി Mejar Ravi

കേന്ദ്ര മന്ത്രിസഭയില്‍ മലയാളി സാന്നിധ്യമായ മന്ത്രി രാജീവ് ചന്ദ്ര ശേഖറിനെ അഭിനന്ദിച്ച് സംവിധായകന്‍ മേജർ രവി. അദ്ദേഹത്തെ കേന്ദ്ര മന്ത്രിയാക്കുന്നതിലൂടെ പ്രധാനമന്ത്രി കേരളത്തിൽ ഒരു പുതിയ പരീക്ഷണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. പെന്‍ഡിയം ചിപ്പിന്‍റെ പിതാവ് വിനോദ് ധാം നേരിട്ട് ഇന്‍റലിലേക്ക് റിക്രൂട്ട് ചെയ്ത, ബില്‍ ഗേറ്റ്സും, സ്റ്റീവ് ജോബ്സും ഒക്കെ സിലിക്കണ്‍ വാലിയില്‍ കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് മേക്രോപ്രോസസര്‍ ചിപ്പ് ഡിസൈനറായി അവിടെ പ്രവര്‍ത്തിച്ച വ്യക്തിയെ തന്നെ ഇന്ത്യയുടെ ഐ റ്റി മന്ത്രിയായി കൊണ്ടു വരുംബോള്‍ മാനങ്ങള്‍ ഏറെയാണ് എന്ന് അദ്ദേഹം പറഞ്ഞു.

ഒരു മുൻ സൈനികൻ എന്ന നിലയിൽ രാജീവ് ചന്ദ്ര ശേഖറിന്റെ വരവിനെ താൻ മറ്റൊരു തലത്തിലാണ് കാണുന്നത്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന് വേണ്ടി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. അതുകൂടാതെ സൈനികർക്ക് വേണ്ടി നിരവധി കാര്യമാണ് അദ്ദേഹം ചെയ്തിയിട്ടുണ്ടെന്നും മേജർ രവി പറഞ്ഞു. പാക്കിസ്ഥാനെ തീവ്രവാദ രാജ്യമായി പ്രഖ്യാപിക്കണം എന്ന ആവശ്യം ഉന്നയിച്ച് പാര്‍ലമെന്റില്‍ ആദ്യമായി പ്രൈവറ്റ് ബില്‍ അവതരിപ്പിച്ചതും അദ്ദേഹമായിരുന്നു എന്നും മേജർ രവി കൂട്ടിച്ചേർത്തു.

മേജർ രവിയുടെ വാക്കുകൾ:
കേരളത്തില്‍ ഒരു പുതിയ പരീക്ഷണം രാജീവ് ചന്ദ്രശേഖറിലൂടെ പ്രധാനമന്ത്രി നടത്തുകയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇതെങ്കിലും ശരിയാകും എന്ന് പ്രതീക്ഷിക്കുന്നു.
ഏഷ്യാനെറ്റിലേക്ക് ചുരുക്കി കാണേണ്ട വ്യക്തിയല്ല രാജീവ് ചന്ദ്രശേഖര്‍. പെന്‍ഡിയം ചിപ്പിന്‍റെ പിതാവ് വിനോദ് ധാം നേരിട്ട് ഇന്‍റലിലേക്ക് റിക്രൂട്ട് ചെയ്ത, ബില്‍ ഗേറ്റ്സും, സ്റ്റീവ് ജോബ്സും ഒക്കെ സിലിക്കണ്‍ വാലിയില്‍ കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് മേക്രോപ്രോസസര്‍ ചിപ്പ് ഡിസൈനറായി അവിടെ പ്രവര്‍ത്തിച്ച വ്യക്തിയെ തന്നെ ഇന്ത്യയുടെ ഐ.റ്റി മന്ത്രിയായി കൊണ്ടു വരുംബോള്‍ മാനങ്ങള്‍ ഏറെയാണ്.

ഒരു മുന്‍ സൈനികന്‍ എന്ന നിലയിലും എന്നെ സംബന്ധിച്ചിടത്തോളം രാജീവിന്‍റെ വരവിനെ ഞാന്‍ കാണുന്നത് മറ്റൊരു തലത്തിലാണ്‌. വണ്‍ റാങ്ക് വണ്‍ പെന്‍ഷന് വേണ്ടി എം.പി എന്ന നിലയില്‍ രാജീവ് നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. അതോടൊപ്പം ഫ്ലാഗ്‌സ് ഓഫ് ഓണർ എന്ന പേരില്‍ സൈനികര്‍ക്ക് വേണ്ടി ഒരു എൻജിഒ നടത്തുന്നുണ്ട് രാജീവ്. സൈനിക സേവനത്തിനിടയില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്ന സൈനികരേയും രക്തസാക്ഷിത്വം വരിക്കുന്ന സൈനികരേയും ഫ്ലാഗ്‌സ് ഓഫ് ഓണർ ലൂടെ രാജീവ് സഹായിക്കുന്നുണ്ട്. അച്ഛന്‍ എയര്‍ഫോഴ്സിലായിരുന്നതും, വളര്‍ന്നത് സൈനിക കാംപുകളിലായിരുന്നതും ആകണം വളര്‍ന്നിട്ടും സൈന്യം രാജീവിന് ഒരു വികാരമാകാന്‍ കാരണം.

അതിലുപരി പാക്കിസ്ഥാനെ തീവ്രവാദ രാജ്യമായി പ്രഖ്യാപിക്കണം എന്ന ആവശ്യം ഉന്നയിച്ച് പാര്‍ലമെന്‍റില്‍ ആദ്യമായി പ്രൈവറ്റ് ബില്‍ അവതരിപ്പിച്ചതും രാജീവാണ്. ഒരു മുന്‍ സൈനികന്‍റെ അല്ലെങ്കില്‍ മനസ്സ് കൊണ്ട് സൈനികനായിരിക്കുന്ന എൻ്റെ കാഴ്ച്ചപ്പാടില്‍ മതിപ്പുളവാക്കുന്നതാണ് ഇതെല്ലാം. വിശ്വപൗരനായി തന്നെ കാണേണ്ട മലയാളിയാണ്‌. കേരളത്തിന്‍റെ വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്നും ഇവിടത്തെ യുവാക്കള്‍ക്കു ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ സാധിക്കുമെന്നും വിശ്വസിക്കുന്നു.

ഏതായാലും ഇവിടുള്ള പലരെയും പരീക്ഷിച്ച് പരാജയപ്പെട്ടിടത്തേക്കാണ് പ്രധാനമന്ത്രി മറ്റൊരു പരീക്ഷണം നടത്തുന്നത്. നമുക്ക് നല്ലത് പ്രതീക്ഷിക്കാം. രാജീവ് ചന്ദ്രശേഖർ എംപി ആശംസകള്‍… ഒപ്പം മലയാളി പ്രാതിനിധ്യം കേന്ദ്രമന്ത്രിസഭയില്‍ തന്ന പ്രധാനമന്ത്രിക്കും നന്ദി.