'കൊറോണ കുറയാത്തതില്‍ ആരും ഭയക്കേണ്ട; കേരളത്തിന്റേത് മെച്ചപ്പെട്ട നില'; മദ്യത്തിന് മുന്‍കൂട്ടി പണമടച്ചാല്‍ 'കരുതല്‍' നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി Liquor Kerala

തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഘട്ടംഘട്ടമായി വരുത്തുന്ന ഇളവുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്ന പ്രവണത അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അനന്തമായി ലോക്ക് ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് പോകാനാവില്ല. എത്രയും വേഗം സാധാരണ നിലയിലെത്താന്‍ സാഹചര്യം ഒരുക്കാനാണ് ശ്രമം.
കേരളത്തില്‍ രോഗികളുടെ എണ്ണത്തില്‍ കുറവ് വരാത്തതില്‍ അമിതമായി ഭയപ്പെടേണ്ടതില്ലെന്നും കാര്യങ്ങള്‍ നിയന്ത്രണത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നാം തരംഗത്തിന്റെ അവസാനത്തോടെ ഐ.സി.എം.ആര്‍ നടത്തിയ സീറോ പ്രിവലന്‍സ് പഠനമനുസരിച്ച് രോഗവ്യാപനനിരക്ക് മറ്റ് സംസ്ഥാനങ്ങളുടേതിന്റെ (21.6) ഏതാണ്ട്  പകുതിമാത്രം (11.4) മാത്രമായിരുന്നു കേരളത്തില്‍ രേഖപ്പെടുത്തിയത്. അത് കൊണ്ട് തന്നെ രണ്ടാം തരംഗത്തില്‍ രോഗസാധ്യതയുള്ളവര്‍   സംസ്ഥാനത്ത്  കൂടുതലായിരുന്നു. അതുകൊണ്ടാണ് രണ്ടാം തരംഗത്തില്‍  രോഗികളുടെ എണ്ണം വര്‍ധിച്ചത്. ആ  സാഹചര്യത്തില്‍ ടെസ്റ്റിംഗിന്റെ എണ്ണം ഗണ്യമായി വര്‍ധിപ്പിച്ചിട്ടുമുണ്ട്.

മാര്‍ച്ച് മധ്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ആരംഭിച്ച കോവിഡ് രണ്ടാംതരംഗം കേരളത്തില്‍ അല്‍പം വൈകി മെയ് മാസത്തോടെയാണ് പ്രത്യക്ഷപ്പെട്ടത്. ഒരു ഘട്ടത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29 ശതമാനം വരെ ഉയര്‍ന്നു. പ്രതിദിന രോഗികളുടെ എണ്ണം നാല്പതിനായിരത്തിന് മുകളിലായിരുന്നു. പിന്നീട് ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് കുറഞ്ഞ് 10 നടുത്ത് ഏതാനും  ദിവസങ്ങളിലായി വലിയ മാറ്റമില്ലാതെ നില്‍ക്കുകയാണ്.
പുതുതായി രോഗബാധിതരാകുന്നവരുടെ എണ്ണം ഇപ്പോള്‍ 10-14 ആയിരമായി കുറഞ്ഞിട്ടുണ്ടെങ്കിലും ടി.പി.ആര്‍ താഴാതെ നില്‍ക്കുന്നു. രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനയ്ക്കനുപാതമായി മരണമടയുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.

രോഗികളുടെ എണ്ണം ഏറ്റവും കൂടിയിരുന്ന അവസരത്തില്‍ പോലും  കോവിഡ് ആശുപത്രികളിലും ഐ.സി.യു കളിലും രോഗികള്‍ക്ക് ഉചിതമായ ചികിത്സ നല്‍കാനായി.  കോവിഡ് ആശുപത്രി കിടക്കളുടെ 60 -70 ശതമാനത്തില്‍ കൂടുതല്‍ ഒരിക്കലും ഉപയോഗിക്കേണ്ടി വന്നിട്ടില്ല. മൊത്തം രോഗികളില്‍ 90 ശതമാനത്തോളം പേര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കിവരുന്നു. മറ്റൊരു സംസ്ഥാനത്തിനും കൈവരിക്കാന്‍ കഴിയാത്ത നേട്ടമാണി്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസ്പില്‍ (കാരുണ്യ ആരോഗ്യ സുരക്ഷപദ്ധതി) ചേര്‍ന്നിട്ടുള്ള 252 ഓളം സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നല്‍കുന്നുണ്ട്. മറ്റ് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് സര്‍ക്കാര്‍ നിയന്ത്രിച്ചിട്ടുമുണ്ട്.  സര്‍ക്കാര്‍ സ്വകാര്യ മേഖലകള്‍ തികഞ്ഞ സഹകരണത്തോടെയാണ് കോവിഡിനെ നേരിടാന്‍ ശ്രമിച്ച് വരുന്നത്. 

രണ്ടാംതരംഗത്തില്‍ രോഗവ്യാപന സാധ്യത വളരെയെറെയുള്ള ഡെല്‍റ്റ വൈറസ് വകഭേദമാണ് കേരളത്തില്‍ എത്തിയത്. ജനസാന്ദ്രത കൂടുതലായതുകൊണ്ട്   ഡെല്‍റ്റ വൈറസ് വ്യാപനം കേരളത്തില്‍ കൂടുതലായി സംഭവിച്ചു. മാത്രമല്ല ഗ്രാമനഗരങ്ങള്‍ പരസ്പരം ബന്ധപ്പെട്ട് തുടര്‍ച്ചയായി നിലനില്‍ക്കുന്നത് കൊണ്ട് രോഗം അതിവേഗം സംസ്ഥാനമൊട്ടാകെ പടര്‍ന്നുപിടിക്കുന്ന  സാഹചര്യമുണ്ടായി

.കോവിഡ് പോലൊരു മഹാമാരിയെ നേരിടുന്ന ഘട്ടത്തില്‍ മരണങ്ങളുടെ റിപ്പോര്‍ട്ടിംഗ് മിക്ക സംസ്ഥാനങ്ങളേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ ചെയ്ത സംസ്ഥാനമാണ് കേരളം എന്ന് ഐസിഎംആറിന്റെ പഠനങ്ങള്‍ തെളിയിക്കുന്നത്.

ഡെല്‍റ്റ വൈറസ്, രോഗം വന്ന് ഭേദമായവരിലും വാക്‌സിനേഷന്‍ എടുത്തവരിലുമുള്ള രോഗപ്രതിരോധത്തെ പരിമിതമായി മറികടക്കുന്നതിനാല്‍ രോഗം ഭേദമായവര്‍ക്ക്  റീ ഇന്‍ഫക്ഷനും വാക്‌സിന്‍ എടുത്തവര്‍ക്ക് ബ്രേക്ക് ത്രൂ ഇന്‍ഫക്ഷനും വരാനിടയായി. ഇപ്പോള്‍ പോസിറ്റീവാകുന്നവരില്‍ പലരും ഈ  വിഭാഗത്തില്‍ പെട്ടവരാണ്.  ഇവര്‍ക്ക് ഗുരുതരമായ രോഗലക്ഷണമുണ്ടാവില്ലെന്നതും മരണസാധ്യത ഇല്ലെന്നതും ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മാസ്‌ക് മാറ്റുന്ന അവസരങ്ങളില്‍ (ആഹാരവും പാനീയങ്ങളും കഴിക്കുമ്പോള്‍) ശരീരംദൂരം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.  വാക്‌സിന്‍ എടുത്തവര്‍ ബ്രേക്ക് ത്രൂ ഇന്‍ഫക്ഷന്‍ ഒഴിവാക്കാനും മറ്റുള്ളവരിലേക്ക് രോഗം പരത്താതിരിക്കാനും മാസ്‌ക് ധരിക്കണം. വാക്‌സിന്‍ എടുത്തവര്‍ രോഗവാഹകരാവാന്‍ സാധ്യതയുണ്ട്. അടഞ്ഞമുറികള്‍, പ്രത്യേകിച്ച് എ.സി മുറികള്‍ ഉപയോഗിക്കരുത്, മുറികളുടെ ജനാലകള്‍ തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കണം. ചെറുതും വലുതുമായ കൂടിചേരലുകളും ഒഴിവാക്കണം. 

18 വയസ്സിനു താഴെയുള്ള കുട്ടികളില്‍ കോവിഡ് രോഗബാധയ്ക്ക് ശേഷം പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ സാമൂഹ്യ സുരക്ഷ മിഷന്റെ കീഴിലുള്ള മിഠായി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യണം. ടൈപ് 1 ഡയബറ്റിസ് ബാധിതരായ കുട്ടികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണത്. ഈ പദ്ധതി വഴി കുട്ടികള്‍ക്ക് സൗജന്യചികിത്സയും മാനസികാരോഗ്യ പിന്തുണയും നല്‍കും.

രണ്ട് ഡോസ് വാക്‌സിനേഷന്‍ അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ള പരമാവധി അയ്യായിരം ആളുകളെ വെര്‍ച്ച്വല്‍ ക്യു സംവിധാനം ഉപയോഗിച്ച്  ദിവസേന ശബരിമല മാസപൂജയ്ക്ക് പ്രവേശനം അനുവദിക്കും.

മദ്യവില്പന സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ക്യൂ തിരക്ക് കുറയ്ക്കാന്‍ മുന്‍കൂട്ടി തുക അടച്ച് പെട്ടെന്ന് കൊടുക്കാന്‍ പാകത്തില്‍ പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. തിരക്കുള്ള സ്ഥലങ്ങളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Tags