കൊല്ലം : ഭർത്തൃഗൃഹത്തിൽ ആത്മഹത്യക്കുശ്രമിച്ച ഇരുപത്തിയൊന്നുകാരി ഗുരുതരാവസ്ഥയിൽ. യുവതിയുടെ അച്ഛന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഭർത്തൃമാതാവിന്റെപേരിൽ പോലീസ് കേസെടുത്തു.
കന്നിമേൽച്ചേരി പുളിഞ്ചിക്കൽവീട്ടിൽ കണ്ണന്റെ ഭാര്യ അനുജ(22)യാണ് ബുധനാഴ്ച രാത്രി ആത്മഹത്യക്കുശ്രമിച്ചത്. രാത്രി ജോലികഴിഞ്ഞെത്തിയ കണ്ണനും അനുജയും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് അനുജ മുറിയിൽ കയറി വാതിലടച്ചു. ഇടയ്ക്ക് തർക്കങ്ങളുണ്ടാകുമ്പോൾ അനുജ വാതിലടച്ച് കിടക്കാറുള്ളതിനാൽ കണ്ണൻ ഇതു കാര്യമാക്കിയില്ല. ഇടയ്ക്ക് മയങ്ങിപ്പോയ ഇയാൾ രാത്രി പന്ത്രണ്ടുമണിയോടെ വാതിലിൽ തട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ജനൽപ്പാളി വഴി നോക്കുമ്പോൾ അനുജ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. ഉടൻതന്നെ വാതിൽ ചവിട്ടിപ്പൊളിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അനുജയുടെ നില മെച്ചപ്പെട്ടിട്ടില്ല.